സിഡ്‌നി : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയിരുന്നു. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും കീഴടങ്ങിയ ഓസീസ് ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് തോല്‍വി സമ്മതിച്ചത്. ഇന്ത്യന്‍ സ്‌പിന്നര്‍മാരാണ് രണ്ട് മത്സരങ്ങളിലും പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ ചുരുട്ടിക്കൂട്ടിയത്.
ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും നേരിടാന്‍ പ്രത്യേക പരിശീലനമുള്‍പ്പടെ നടത്തിയാണ് ഓസീസ് കളിക്കാനിറങ്ങിയത്. എന്നാല്‍ ഇരുവരും കളം നിറഞ്ഞപ്പോള്‍ ഓസീസ് താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാവുകയായിരുന്നു. ഇപ്പോഴിതാ ഇത്തരം സാഹചര്യത്തില്‍ ബാറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ബാറ്റിങ് കണ്ട് പഠിക്കണമെന്ന് ഓസീസ് താരങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരം മൈക്ക് ഹസി.
'വ്യക്തമായും, ഓസ്‌ട്രേലിയക്കാർക്ക് രോഹിത് ശർമ ഇതുവരെ ബാറ്റ് ചെയ്ത രീതി നോക്കാവുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സ്പിന്നിനെ നേരിടാനും റൺസ് നേടാനുമുള്ള ഒരു നല്ല മാർഗമാണ് രോഹിത്തിന്‍റെ ബാറ്റിങ് പഠിക്കുന്നത്. ഇന്ത്യൻ ബാറ്റര്‍മാര്‍ ഇത്തരം പിച്ചുകളില്‍ കളിച്ച് വളര്‍ന്നവരാണ്.
അതിനാൽ അവര്‍ക്കിതൊക്കെ ശീലമാണ്. രോഹിത്തിന്‍റേത് പോലെ തന്നെ ബാറ്റുചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്, എനിക്ക് മാത്യു ഹെയ്ഡനെപ്പോലെ ബാറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പക്ഷേ കുറച്ച് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും' - മൈക്ക് ഹസി പറഞ്ഞു.
ബാറ്റ് ചെയ്യേണ്ടത് സ്വന്തം ശൈലിയില്‍ :സ്വീപ്പ് ഷോട്ടിനെ കൂടുതല്‍ ആശ്രയിക്കാതെ ഓരോ താരങ്ങളും തങ്ങളുടെ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കണമെന്നും ഓസീസ് ബാറ്റര്‍മാരോട് മൈക്ക് ഹസി പറഞ്ഞു. 'ഓസ്‌ട്രേലിയൻ ബാറ്റര്‍മാരുടെ ശ്രദ്ധ അവരിൽ ഓരോരുത്തർക്കും എങ്ങനെ മികച്ച രീതിയിൽ റൺസ് നേടാനാകുമെന്ന് കണക്കാക്കുന്നതിലായിരിക്കണം.
ഓരോരുത്തർക്കും ഓരോ ബാറ്റിങ് രീതിയുണ്ട്. അതുകൊണ്ട് ചിലർ ബൗണ്ടറികള്‍ അടിച്ച് കൂടുതൽ ആക്രമണോത്സുകത കാണിക്കണം. ചിലർ നിലയുറപ്പിച്ച് കളിക്കുകയാണ് വേണ്ടത്. എല്ലാവരും ഒരു പ്രത്യേക ഷോട്ട് പരീക്ഷിക്കുന്നതിന് പകരം, തങ്ങളുടെ ശക്തിയിലും റൺസ് നൽകുന്ന സ്ട്രോക്കുകളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്' - ഹസി പറഞ്ഞു.
അതേസമയം മികച്ച ഫോമിലാണ് രോഹിത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിക്കുന്നത്. നാഗ്‌പൂരില്‍ സെഞ്ചുറിയുമായി തിളങ്ങിയ താരം കളിച്ച മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 183 റൺസുമായി പരമ്പരയിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കുക.
തുടര്‍ന്ന് മാര്‍ച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് അവസാന ടെസ്റ്റ്. ഇവിടങ്ങളില്‍ വിജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും ഓസീസ് ശ്രമം. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇല്ലാതെയാണ് സംഘം ഇന്‍ഡോറില്‍ കളിക്കാന്‍ ഇറങ്ങുക. ഡല്‍ഹി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയ താരം ഇന്‍ഡോര്‍ ടെസ്റ്റിനുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു.
ALSO READ:'ആദ്യ ബോള്‍ എറിയും മുമ്പ് ഓസീസ് സ്വന്തം മുഖത്ത് ഇടിക്കുന്നു'; ഇന്ത്യയിലെ തോല്‍വിയുടെ കാരണം ചൂണ്ടിക്കാട്ടി ഗ്രെഗ് ചാപ്പൽ
'ഇപ്പോൾ കുടുംബത്തോടൊപ്പം ഇവിടെയുള്ളതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടെന്ന തീരുമാനത്തിലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയിൽ നിന്നും ടീമംഗങ്ങളിൽ നിന്നും ലഭിച്ച മികച്ച പിന്തുണയ്‌ക്ക് നന്ദി പറയുന്നു' - കമ്മിന്‍സ് പറഞ്ഞു.
കമ്മിന്‍സിന്‍റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്താകും മൂന്നാം ടെസ്റ്റില്‍ ഓസീസിനെ നയിക്കുക. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് 33കാരനായ സ്‌മിത്തിന് രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്കുണ്ടായിരുന്നു. പിന്നീട് ടിം പെയ്‌നിൽ നിന്ന് കമ്മിൻസ് ചുമതലയേറ്റെടുത്തതോടെ മുന്‍ നായകനായിരുന്ന സ്‌മിത്തിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. കമ്മിന്‍സിന് പകരം സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പ്ലെയിങ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.