സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വ്യാഴാഴ്‌ച നാഗ്‌പൂരിലാണ് നാല് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. ഇരു ടീമുകളെ സംബന്ധിച്ചും അഭിമാനപ്പോരാട്ടം തന്നെയാണിത്.
അവസാന രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയാണ് ഇന്ത്യ മടങ്ങിയത്. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയാണ് ഓസീസിന്‍റെ മനസിലെന്നത് വ്യക്തം. ഇതിനപ്പുറം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കടക്കാന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.
ഇതോടെ കളിക്കളത്തില്‍ പോരാട്ടം കനക്കുമെന്നുറപ്പ്. സ്വന്തം തട്ടകത്തില്‍ കൂടുതല്‍ കരുത്തരാവുന്ന ഇന്ത്യയ്‌ക്കെതിരെ വ്യക്തമായ പദ്ധതികളോടെയാണ് പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള ഓസീസ് പട ഇന്ത്യയിലെത്തിയത്. സ്‌പിന്നിനെ തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്ത്യന്‍ പിച്ചില്‍ തളരാതിരിക്കാന്‍ ബാറ്റര്‍മാര്‍ പ്രത്യേക പരിശീലനം നടത്തുമ്പോള്‍ നാല് സ്‌പിന്നര്‍മാരെയടക്കം ഉള്‍പ്പെടുത്തിയാണ് സംഘം സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനിടെ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമിന്‍റെ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍.
ജോണ്‍സണിന്‍റെ തന്ത്രം:ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ ആദ്യം ബാറ്റ് ചെയ്‌ത് ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ നേടണമെന്നാണ് ജോണ്‍സണ്‍ പറയുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓസീസ് സ്‌പിന്നര്‍മാരെ ഭയപ്പെടില്ലെന്നും ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.
"സ്‌പിന്നിനെ തുണയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചുകളില്‍ പരമ്പരയിലെ ഒന്നിലധികം മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഓസ്‌ട്രേലിയയ്‌ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചാല്‍ അത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കും. നാല് സ്‌പിന്നര്‍മാരുമായാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത്.