നാഗ്‌പൂര്‍:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യയും ഓസ്‌ട്രേലിയും ഇന്നിറങ്ങും. രാവിലെ 9:30 മുതല്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം മണ്ണിലെ കഴിഞ്ഞ രണ്ട് തുടര്‍ പരമ്പര തോല്‍വിക്ക് പകരം വീട്ടുകയാകും കങ്കാരുപ്പടയുടെ ലക്ഷ്യം.
നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ ഇതിനോടകം തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ പ്രാവശ്യം ടൂര്‍ണമെന്‍റില്‍ റണ്ണര്‍ അപ്പുകളായ ഇന്ത്യ നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര 4-0ന് സ്വന്തമാക്കിയാല്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും ഡബ്ല്യുടിസി കലാശാക്കളിക്ക് ടിക്കറ്റ് ഉറപ്പാണ്. അല്ലാത്തപക്ഷം ടൂര്‍ണമെന്‍റിലെ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ യോഗ്യത.
പരിക്കില്‍ വലഞ്ഞ് കങ്കാരുപ്പട, അയ്യരില്ലാതെ ഇന്ത്യ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി താരങ്ങളുടെ പരിക്കാണ്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീന്‍, പേസ് ബോളര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ആദ്യ മത്സരത്തിനുണ്ടാകില്ല. അതേസമയം, മറുവശത്ത് ഇന്‍ഫോം ബാറ്റര്‍ ശ്രേയസ് അയ്യരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്.
അയ്യരുടെ അഭാവത്തില്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനിലും ആശയക്കുഴപ്പം നില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ മധ്യനിര ബാറ്ററുടെ പൊസിഷനില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ ഇന്ത്യയുടെ അന്തിമ ഇലവനിലേക്ക് എത്തിയേക്കും. വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമില്‍ ആരെത്തുമെന്നുള്ളതും ചോദ്യചിഹ്നമായി തന്നെ നില്‍ക്കുകയാണ്.