ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഡല്‍ഹി ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് 62 റണ്‍സിന്‍റെ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് ഇന്നത്തെ മത്സരം അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡ് (40 പന്തില്‍ 39*), മാര്‍നസ് ലബുഷെയ്‌ന്‍ (19 പന്തില്‍ 16*) എന്നിവരാണ് പുറത്താകാതെ നില്‍ക്കുന്നത്.
ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 13 പന്തില്‍ ആറ് റണ്‍സ് നേടിയ താരത്തെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് നേടിയ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 262 റണ്‍സില്‍ പുറത്തായതോടെയാണ് ഓസീസിന് ഒരു റണ്‍സിന്‍റെ ലീഡ് ലഭിച്ചത്.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് വിക്കറ്റ് നഷ്‌ടമില്ലാതെ 21 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 83.3 ഓവറിലാണ് ഓള്‍ ഔട്ടായത്. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ നഥാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. വാലറ്റത്ത് പൊരുതിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
115 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. എട്ടാം വിക്കറ്റില്‍ അക്‌സറും ആര്‍ അശ്വിനും കൂട്ടിച്ചേര്‍ത്ത 114 റണ്‍സാണ് ഓസീസിന്‍റെ ലീഡ് കുറച്ചത്. 71 പന്തില്‍ 37 റണ്‍സാണ് അശ്വിന്‍റെ സമ്പാദ്യം. ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണിന് മുന്നില്‍ മുട്ടിടിച്ച ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നിങ്സിന്‍റെ 26-ാം ഓവര്‍ പിന്നിടുമ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യർ എന്നിവരെ നഥാന്‍ ലിയോണ്‍ പുറത്താക്കിയിരുന്നു.
രാഹുലിനെ വീഴ്‌ത്തിയാണ് നഥാന്‍ ലിയോണ്‍ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. 41 പന്തില്‍ 17 റണ്‍സെടുത്ത താരത്തെ ലിയോണ്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മൂന്നാമനായെത്തിയ ചേതേശ്വര്‍ പുജാര തുടക്കം തന്നെ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു.