ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് തിരിച്ചടി തുടര്‍ക്കഥയാവുന്നു. പരിക്ക് ഭേദമാവാത്ത പേസര്‍ ജോഷ് ഹേസൽവുഡിനെ നഷ്‌ടമായതിന് പിന്നാലെ ഓപ്പണർ ഡേവിഡ് വാർണറും നാട്ടിലേക്ക് മടങ്ങുന്നു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വാര്‍ണര്‍ പരമ്പരയില്‍ നിന്നും പുറത്തായതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്‌താവനയില്‍ അറിയിച്ചു.
ഡൽഹി ടെസ്റ്റിനിടെ വാര്‍ണര്‍ക്ക് മിനിട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് പരിക്കുകളേറ്റിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ വാര്‍ണറുടെ കൈമുട്ടിനും ഹെൽമറ്റിലും ഏറുകൊള്ളുകയായിരുന്നു. ഇതിന് ശേഷം ഔട്ടായി പുറത്തായ വാര്‍ണക്ക് പകരം കണ്‍കഷന്‍ സബ്‌സ്‌റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷായാണ് എത്തിയത്.
ഹെൽമറ്റിൽ പന്തിടിച്ചതിന്‍റെ അസ്വസ്ഥതകൾ മാറിയെങ്കിലും 36 കാരന്‍റെ കൈമുട്ടിൽ നേരിയ പൊട്ടലുണ്ട്. ഇതോടെയാണ് വാര്‍ണര്‍ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും കാര്യമായ പ്രകടനം നടത്താന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ താരത്തെ പുറത്താക്കണമെന്ന മുറവിളികള്‍ ഉയര്‍ന്നിരുന്നു.
പരിക്കിന്‍റെ പിടിയിലുള്ള പേസര്‍ ജോഷ് ഹേസൽവുഡ് പരമ്പരയില്‍ നിന്നും പുറത്തായതായി കഴിഞ്ഞ ദിവസമാണ് ഓസീസ് പരിശീലകന്‍ ആൻഡ്രൂ മക്‌ഡൊണാൾഡ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് 32കാരന് തിരിച്ചടിയായത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റിന് മുന്നെ തന്നെ പരിക്കില്‍ നിന്നും പൂര്‍ണമായും സുഖം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് താരം പ്രതികരിച്ചിരുന്നു.
ഗ്രീൻ ഫിറ്റ്, ഓസീസിന് അശ്വാസം:സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കാമറൂൺ ഗ്രീൻ ഫിറ്റ്‌നസ് വീണ്ടെടുത്തത് ഓസീസിന് വമ്പന്‍ ആശ്വാസമാണ്. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്‌ടമായ താരം ഫിറ്റാണെന്ന് കഴിഞ്ഞ ദിവസം മാനേജ്‌മെന്‍റ് വ്യക്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിനിടെ ഗ്രീനിന്‍റെ വിരലിന് പൊട്ടലേറ്റിരുന്നു.