ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാതെയാണ് ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ തിരികെ കയറിയത്. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് ഓസീസ് സ്‌പിന്നര്‍ മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ പ്ലേ ഡൗണ്‍ ആവുകയായിരുന്നു. നിര്‍ഭാഗ്യകരമായ ശ്രേയസിന്‍റെ പുറത്താവല്‍ ആരാധരെയും നിരാശപ്പെടുത്തി.
ഇന്നിങ്‌സിന്‍റെ 12ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ശ്രേയസ് ഔട്ടാവുന്നത്. കുഹ്‌നെമാനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ശ്രേയസിന്‍റെ ബാറ്റില്‍ എഡ്‌ജായ പന്ത് സ്‌റ്റംപില്‍ ഉരസിയാണ് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് പോയത്. പന്ത് കടന്ന് പോയി അല്‍പം കഴിഞ്ഞായിരുന്നു ബെയ്‌ല്‍സ് താഴെ വീണത്. ബൗള്‍ഡാണെന്ന് ഉറപ്പിച്ച ഓസീസ് താരങ്ങള്‍ ആഘോഷം തുടങ്ങിയെങ്കിലും ശ്രേയസ് ക്രീസില്‍ തന്നെ തുടര്‍ന്നു.
വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ പാഡില്‍ തട്ടി തിരിച്ചുവന്ന പന്താണോ ബെയ്ല്‍ വീഴ്‌ത്തിയതെന്ന സംശയമാണ് താരത്തിനുണ്ടായിരുന്നത്. ഇതോടെ മൂന്നാം അമ്പയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ശ്രേയസിന്‍റെ ഔട്ട് ഉറപ്പിച്ചത്. താരത്തിന്‍റെ പുറത്താല്‍ നിര്‍ഭാഗ്യത്തിന്‍റെ അങ്ങേയറ്റമാണെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരെ ഓസീസ് സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തുകയായിരുന്നു. 55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിനായി മാത്യു കുഹ്‌നെമാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി.
ALSO READ:IND vs AUS: ഇന്‍ഡോറില്‍ കറങ്ങി വീണ് ഇന്ത്യ; ഒന്നാം ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്ത്, കുഹ്‌നെമാന് 5 വിക്കറ്റ്