മുംബൈ : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്‍റ വേദി മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന ധർമ്മശാലയിൽ നിന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്കാണ് മത്സരം മാറ്റിയത്. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇൻഡോറില്‍ മൂന്നാം ടെസ്റ്റ് നടക്കുക.
ഔട്ട്‌ഫീൽഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വേദി മാറ്റമെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ ക്യൂറേറ്റർ തപോഷ് ചാറ്റർജി നടത്തിയ പരിശോധനയില്‍ ഔട്ട്ഫീൽഡ് ഒരു അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയിരുന്നു. ഇതോടെ ഞായറാഴ്ച തന്നെ വേദിമാറ്റമുണ്ടാവുമെന്ന് സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഇന്നാണ് ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്.
വേണ്ടത്ര പുല്ലില്ല :ധര്‍മ്മശാലയില്‍ അന്താരാഷ്ട്ര മത്സരത്തിന് അനുയോജ്യമായ തരത്തില്‍ ഔട്ട്‌ഫീൽഡിൽ വേണ്ടത്ര പുല്ലിന്‍റെ സാന്ദ്രതയില്ലെന്നാണ് കണ്ടെത്തല്‍. മഴയെത്തുടര്‍ന്ന് വലിയ നാശമുണ്ടായ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥയടക്കം പ്രതികൂലമായിരുന്ന സാഹചര്യത്തില്‍ പുല്ലുവച്ച് പിടിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ 2016-17 ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ഒരു മത്സരത്തിന് ധർമ്മശാല വേദിയായിരുന്നു. അന്ന് ഒരു ദിനം ബാക്കി നില്‍ക്കെ മത്സരം വിജയിച്ച ഇന്ത്യ 2-1ന് പരമ്പരയും നേടിയിരുന്നു. 2020ലാണ് ഇവിടെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം നടന്നത്.
ഇനി ഡല്‍ഹിയില്‍ : നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ആതിഥേയര്‍ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സ് നേടിയിരുന്നു.