ഇൻഡോർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ ആരംഭിക്കും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. കഴിഞ്ഞ രണ്ട് കളികളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.
നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും ഓസീസിനെ കീഴടക്കിയ ആതിഥേയര്‍ ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ജയം പിടിച്ചത്. ഇന്‍ഡോറില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനുമാവും. ഇന്ത്യന്‍ നിരയില്‍ കെഎല്‍ രാഹുലിന് പകരം ഓപ്പണറുടെ സ്ഥാനത്ത് ശുഭ്‍മാൻ ഗിൽ എത്തുമെന്നാണ് സൂചന.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്‌റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുക. ഡല്‍ഹി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ കമ്മിന്‍സ് ഇന്‍ഡോര്‍ ടെസ്റ്റിനായി മടങ്ങിയെത്തില്ലെന്ന് അറിയിച്ചിരുന്നു. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായിരുന്നു കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് പോയത്.
ഡല്‍ഹി ടെസ്റ്റിനിടെ പരിക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പരിക്ക് മാറാതെ നാട്ടിലേക്ക് മടങ്ങിയ ജോഷ് ഹേസല്‍വുഡും ഇനി ഓസീസ് നിരയിലുണ്ടാവില്ല. എന്നാല്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ തിരിച്ചുവരവ് ഓസീസിന് ആത്മവിശ്വാസം നല്‍കുന്നതാണ്.
ഇന്‍ഡോറിലെ ചെമ്മണ്‍ പിച്ചില്‍ പേസും ബൗണ്‍സും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഇരു സംഘവും മൂന്ന് പേസര്‍മാരെ വീതം ഇറക്കുമോയെന്ന് കാത്തിരിന്ന് കാണേണ്ടിവരും. കഴിഞ്ഞ മത്സരങ്ങളില്‍ സ്‌പിന്നര്‍മാരായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും പേസര്‍മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം നേടിയത്.
മൂന്ന് പേസര്‍മാരുമായി ആതിഥേയര്‍ ഇറങ്ങുകയാണെങ്കില്‍ അക്‌സര്‍ പട്ടേലിനാവും പുറത്ത് പോകേണ്ടി വരിക. ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവരില്‍ ഒരാളാവും പ്ലേയിങ് ഇലവനിലെത്തുക. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മികച്ച പ്രടനം നടത്തിയ താരമാണ് ഉനദ്‌ഘട്ട്. ഇന്‍ഡോറില്‍ നേരത്തെ നടന്ന രണ്ട് ടെസ്റ്റുകളിലും ജയിക്കാന്‍ കഴിഞ്ഞത് ഇന്ത്യയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
ഇന്ത്യൻ സ്‌ക്വാഡ്:രോഹിത് ശർമ (സി), കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യർ, ശ്രീകർ ഭരത്, ഇഷാൻ കിഷൻ, ആര്‍ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് , ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാർ യാദവ്.
ഓസ്‌ട്രേലിയൻ സ്‌ക്വാഡ്: സ്റ്റീവൻ സ്‌മിത്ത് (സി), സ്‌കോട്ട് ബോലാൻഡ്, അലക്‌സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാറ്റ് റെൻഷോ, മിച്ചൽ സ്റ്റാർക്ക്, മാത്യു കുഹ്‌നെമാൻ.
ALSO READ:'ഒരു അവസരം അർഹിക്കുന്നു'; ഓസീസിനെതിരെ ശുഭ്‌മാൻ ഗില്ലിനെ പിന്തുണച്ച് രവി ശാസ്ത്രി