ഇൻഡോര്‍ :ഇന്ത്യയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയയ്ക്ക് 47 റണ്‍സ് ലീഡ്. ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 54 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയിലാണ്. പീറ്റർ ഹാൻഡ്സ്കോംബ് (7*), കാമറൂണ്‍ ഗ്രീന്‍ (6*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തി.
അര്‍ധ സെഞ്ചുറി നേടിയ ഉസ്മാന് ഖവാജ, ട്രാവിസ് ഹെഡ് (9), മാര്‍നസ് ലബുഷെയ്ന് (31), സ്റ്റീവ് സ്മിത്ത് (26) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. രണ്ടാം ഓവറില്‍ തന്നെ ഹെഡ്സിനെ മടക്കിയ രവീന്ദ്ര ജഡേജ ഓസീസിനെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്ന് ഒന്നിച്ച ഖവാജയും ലബുഷെയ്നും ഓസീസിനെ ട്രാക്കിലാക്കുകയായിരുന്നു. 30ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഓസീസിനെ നൂറ് റണ്‍സിലെത്തിച്ചു.
എന്നാല്‍ 35ാം ഓവറിന്റെ മൂന്നാം പന്തില്‍ ലബുഷെയ്ന്റെ കുറ്റി തെറിപ്പിച്ച ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. പുറത്താവും മുമ്പ് ഖവാജയ്ക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലബുഷെയ്ന് ഉയര്‍ത്തിയത്. 43ാം ഓവറിന്റെ മൂന്നാം പന്തിലാണ് ഖവാജ പുറത്താവുന്നത്.
147 പന്തില്‍ 60 റണ്‍സെടുത്ത താരത്തെ ജഡേജ ഗില്ലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. ഈ സമയം 42.3 ഓവറില്‍ 125 റണ്‍സായിരുന്നു ഓസീസ് ടോട്ടലിലുണ്ടായിരുന്നത്. പിന്നാലെ സ്മിത്തിനേയും ജഡേജ തിരിച്ച് കയറ്റി. 38 പന്തില്‍ 26 റണ്‍സെടുത്ത ഓസീസ് നായകനെ ജഡേജ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കയ്യിലെത്തിക്കുകയായിരുന്നു.
ഇന്ത്യയെ കറക്കി വീഴ്ത്തി കുഹ്നെമാന് : നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ ഓസീസ് സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തുകയായിരുന്നു. ഓസീസിനായി മാത്യു കുഹ്നെമാന് അഞ്ച് വിക്കറ്റ് വീഴ്ത്തി. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി. 55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മാത്യു കുഹ്നെമാന്റെ പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 23 പന്തില്‍ 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
പിന്നാലെ ഗില്ലും വീണു. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ കുഹ്നെമാന് സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്നാമന് ചേതേശ്വര്‍ പുജാരയ്ക്ക് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.