ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 115 റണ്‍സ് വിജയ ലക്ഷ്യം. ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 113 റണ്‍സില്‍ ഓള്‍ ഔട്ടായി. ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഓസീസിനെ പിടിച്ച് കെട്ടിയത്.
ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. 46 പന്തില്‍ 43 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്‌ന്‍ 50 പന്തില്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ 262 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്ക് ഒരു റണ്‍സിന്‍റെ ലീഡ് ലഭിച്ചത്. മൂന്നാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്.
ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നിവരായിരുന്നു ക്രീസില്‍. ഇന്നത്തെ ആദ്യ ഓവറിന്‍റെ ആറാം പന്തില്‍ തന്നെ ഹെഡിനെ വീഴ്‌ത്തി അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു. 46 പന്തില്‍ 43 റണ്‍സുമായാണ് താരം തിരികെ കയറിയത്. ഇതില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഹെഡ് ഇന്ന് കണ്ടെത്തിയത്.
തുടര്‍ന്നെത്തിയ സ്റ്റീവ് സ്‌മിത്തിനും അധികം ആയുസുണ്ടായിരുന്നില്ല. 19 പന്തില്‍ ഒമ്പത് റണ്‍സ് മാത്രം നേടിയ താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ഒരറ്റത്ത് ചെറുത്ത് നിന്നിരുന്ന ലബുഷെയ്‌ന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജ തിരിച്ചയച്ചു.