ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ഡല്‍ഹി ടെസ്റ്റിന്‍റെ മൂന്നാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിക്കുന്ന ഓസ്‌ട്രേലിയ ലക്ഷ്യംവയ്‌ക്കുക വമ്പന്‍ ലീഡ്. ഒരു റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനമായ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നിലവില്‍ 62 റണ്‍സിന്‍റെ ലീഡാണ് ഓസീസിനുള്ളത്.
ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ഇന്നലെ നഷ്‌ടമായത്. 13 പന്തില്‍ ആറ് റണ്‍സ് നേടിയ താരത്തെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു. ട്രാവിസ് ഹെഡ് (40 പന്തില്‍ 39*), മാര്‍നസ് ലബുഷെയ്‌ന്‍ (19 പന്തില്‍ 16*) എന്നിവരാണ് പുറത്താകാതെ നില്‍ക്കുന്നത്.
ആക്രമണ ശൈലിയില്‍ ബാറ്റ് വീശുന്ന ഓസീസ് ബാറ്റര്‍മാരെ എത്രവേഗത്തില്‍ പിടിച്ച് കെട്ടാനാവുമെന്നത് ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. സ്‌പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
പൊരുതി അക്‌സറും അശ്വിനും: ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ 262 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെയാണ് സന്ദര്‍ശകര്‍ക്ക് ഒരു റണ്‍സിന്‍റെ ലീഡ് ലഭിച്ചത്. വമ്പന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ച്വറിയുമായി പൊരുതിയ അക്‌സര്‍ പട്ടേലിന്‍റെ പ്രകടനമാണ് ഓസീസിന്‍റെ ലീഡ് കുറച്ചത്.
115 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. വാലറ്റത്ത് അശ്വിനൊപ്പം അക്‌സര്‍ കൂട്ടിച്ചേര്‍ത്ത 114 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുംതൂണ്‍. 71 പന്തില്‍ 37 റണ്‍സാണ് അശ്വിന്‍റെ സമ്പാദ്യം.
കറക്കി വീഴ്‌ത്തി നഥാന്‍ ലിയോണ്‍: അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ നഥാന്‍ ലിയോണാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്തത്. 29 ഓവറില്‍ 67 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. മാത്യു കുഹ്‌നെമാന്‍, ടോഡ് മര്‍ഫി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്‌ത്തിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.