നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ വിജയം. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചത്. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി മൂന്നാം ദിനം ബാറ്റു ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. സ്‌കോര്‍: ഓസ്ട്രേലിയ-177, 91, ഇന്ത്യ - 400.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ അശ്വിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ തകര്‍ത്തത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്‌ത്തി. 51 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താവാതെ നിന്ന സ്റ്റീവ് സ്‌മിത്താണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
മറ്റ് മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് മൂന്നക്കം തൊടാനായത്. സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ വമ്പന്‍ ലീഡ് വഴങ്ങിയതിന്‍റെ സമ്മര്‍ദത്തില്‍ ഇറങ്ങിയ ഓസീസിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഉസ്‌മാന്‍ ഖവാജയെ (5) വിരാട് കോലിയുടെ കയ്യിലെത്തിച്ച് അശ്വിനാണ് നയം വ്യക്തമാക്കിയത്.
പിന്നാലെ ഒന്നിച്ച ഡേവിഡ് വാര്‍ണറും മാർനസ് ലബുഷെയ്‌നും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. എന്നാല്‍ ലബുഷെയ്‌നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ ഓസീസിന് തിരിച്ചടി നല്‍കി. 28 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്.
തുടര്‍ന്ന് വാര്‍ണറെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ സംഘം കൂടുതല്‍ പ്രതിരോധത്തിലായി. 41 പന്തില്‍ 10 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഇതിനിടെയെത്തിയ സ്‌റ്റീവ് സ്‌മിത്ത് ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും മാറ്റ് റെന്‍ഷോ(2), പീറ്റര്‍ ഹാന്‍ഡ്‌സ്കോംബ് (6), അലക്‌സ് ക്യാരി(10) എന്നിവരെക്കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കിയ അശ്വിന്‍ അഞ്ച് വിക്കറ്റ് തികച്ചു. ഈ സമയം 19.2 ഓവറില്‍ ആറിന് 64 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍.
തുടര്‍ന്നെത്തിയ പാറ്റ് കമ്മിന്‍സ് (1), ടോഡ് മര്‍ഫി (2), നഥാന്‍ ലിയോണ്‍ (8), സ്‌കോട്ട് ബൊലാന്‍ഡ് (0) എന്നിവര്‍ കൂടി മടങ്ങിയതോടെ ഓസീസിന്‍റെ ഇന്നിങ്‌സിന്‍റെ തിരശീല വീഴുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സെടുത്താണ് പുറത്തായത്.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടലിന്‍റെ നട്ടെല്ലായത്. 212 പന്തില്‍ 120 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും നിര്‍ണായകമായി.
ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഓസീസിനായി തിളങ്ങിയിരുന്നു. വിജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍ നടക്കുക.
ALSO READ:IND vs AUS : ടെസ്റ്റ് സിക്‌സുകളില്‍ കോലിയൊക്കെ പിന്നില്‍ ; ഷമി ഹീറോയാടാ, ഹീറോ...