ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റിലെ വിജയത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യ നിലനിർത്തി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇന്ത്യ ഡല്‍ഹിയില്‍ നേടിയത്. ഇതോടെയാണ് രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ പരമ്പര കൈവിടില്ലെന്ന് ആതിഥേയര്‍ ഉറപ്പിച്ചത്.
ആദ്യ മത്സരം നടന്ന നാഗ്‌പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസീസ് തോല്‍വി സമ്മതിച്ചത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും 2014ലാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ അവസാനമായി ടെസ്റ്റ് പരമ്പര വിജയിച്ചത്. അന്ന് സ്വന്തം മണ്ണില്‍ (2-0) ത്തിനായിരുന്നു ഓസീസിന്‍റെ വിജയം.
ഇരു സംഘങ്ങളും നേര്‍ക്കുനേരെത്തിയ കഴിഞ്ഞ മൂന്ന് പരമ്പരകളിലും ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയികളായിരുന്നു. ഇതോടെ ബോർഡർ-ഗാവസ്‌കർ ട്രോഫി കൈപ്പിടിയിലുറപ്പിക്കാന്‍ ഒരു ദശാബ്ദമായുള്ള ഓസീസിന്‍റെ കാത്തിരിപ്പ് നീളുമെന്നുറപ്പായി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ ഇന്ത്യയ്‌ക്ക് നേട്ടം: ഡല്‍ഹി ടെസ്റ്റിലും ജയിച്ച് കയറിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലെ രണ്ടാം സ്ഥാനം കൂടുതല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. 66.67 പോയിന്‍റ് ശരാശരിയുമായി ഓസീസാണ് തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് 64.06 പോയിന്‍റ് ശരാശരിയായി.
മൂന്നാമതുള്ള ശ്രീലങ്കയ്ക്ക് 53.33 ഉം, നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 48.72ഉം ആണ് പോയിന്‍റ് ശരാശരി. ഓസീസിനെതിരെ ഒരു മത്സരം കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ കളിക്കാം.
അതേസമയം ഡല്‍ഹിയില്‍ ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഓസീസ് ഉയര്‍ത്തിയ 115 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാല് വിക്കറ്റിന് 118 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 74 പന്തില്‍ 31 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 22 പന്തില്‍ 23 റണ്‍സുമായി ശ്രീകര്‍ ഭരത്തും പുറത്താവാതെ നിന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 263 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 262 റണ്‍സാണ് നേടിയത്. ഇതോടെ ഒരു റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 113 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം 115 റണ്‍സായത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 263 & 113. ഇന്ത്യ- 262 & 118/4.
ഇന്ത്യന്‍ സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ പിടിച്ചുകെട്ടിയത്. ജഡേജ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് അശ്വിന്‍റെ സമ്പാദ്യം. 46 പന്തില്‍ 43 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്‌ന്‍ 50 പന്തില്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. രണ്ട് ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റുകള്‍ വീഴ്‌ത്തിയ ജഡേജയാണ് മത്സരത്തിലെ താരം. നാഗ്‌പൂര്‍ ടെസ്റ്റിലും ജഡേജയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ALSO READ:ഇത്രയും കുറഞ്ഞ ശരാശരിയിൽ മറ്റൊരു ഇന്ത്യന്‍ താരവും ഇത്രയും ടെസ്റ്റുകൾ കളിച്ചിട്ടില്ല; പൊട്ടിത്തെറിച്ച് വെങ്കിടേഷ് പ്രസാദ്