അഹമ്മദാബാദ്:ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക്. മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 347 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. ഉസ്‌മാന്‍ ഖവാജ (354 പന്തില്‍ 150* ), കാമറൂണ്‍ ഗ്രീന്‍ (135 പന്തില്‍ 95*) എന്നിവരാണ് ക്രീസില്‍ തുടരുന്നത്.
നാല് വിക്കറ്റ് നഷ്‌ടത്തില്‍ 255 എന്ന നിലയിലാണ് സന്ദര്‍കര്‍ ഇന്ന് കളിക്കാനിറങ്ങിയത്. കഴിഞ്ഞ ദിവസം ഒന്നിച്ച ഉസ്‌മാന്‍ ഖവാജ-കാമറൂണ്‍ ഗ്രീന്‍ കൂട്ടുകെട്ടിനെ പിടിച്ച് കെട്ടാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. അഞ്ചാം വിക്കറ്റില്‍ ഇതിനോടകം ഇരുവരും ചേര്‍ന്ന് 177 റണ്‍സാണ് കണ്ടെത്തിയിട്ടുള്ളത്.
ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്, സ്റ്റീവ് സ്‌മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ്കോംബ് എന്നിവരുടെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് മത്സരത്തിന്‍റെ ഒന്നാം ദിനം നഷ്‌ടമായത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിന് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഉസ്‌മാന്‍ ഖവാജയും ചേർന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. ഹെഡിനെ വീഴ്‌ത്തി ആര്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 16ാം ഓവറിന്‍റെ മൂന്നാം പന്തില്‍ അശ്വിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് ക്യാച്ച് നൽകിയാണ് ഹെഡ് പുറത്തായത്. 44 പന്തില്‍ 32 റണ്‍സാണ് താരത്തിന് നേടന്‍ കഴിഞ്ഞത്.
മൂന്നാമന്‍ മാര്‍നസ് ലബുഷെയ്‌ന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 20 പന്തില്‍ 3 റണ്‍സ് മാത്രമെടുത്ത ലബുഷെയ്‌ന്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു തിരികെ കയറിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനൊപ്പം ചേർന്ന ഖവാജ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ 64ാം ഓവറിന്‍റെ നാലാം പന്തില്‍ സ്‌മിത്തിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 റൺസാണ് കണ്ടെത്തിയത്. 135 പന്തില്‍ 38 റണ്‍സാണ് ഓസീസ് ക്യാപ്റ്റന്‍ നേടിയത്.