അഹമ്മദാബാദ്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ 480 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് ഒമ്പത് വിക്കറ്റിന് 571 റണ്‍സില്‍ അവസാനിച്ചു. നടുവേദനയെത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ ആബ്സന്റ് ഹര്‍ട്ടായതോടെയാണ് ഒമ്പത് വിക്കറ്റില്‍ ഇന്ത്യന്‍ ഇന്നിങ്സിന് തിരശീല വീണത്. ഇതോടെ ഒന്നാം ഇന്നിങ്സില്‍ 91 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്ക് നേടാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസ് നാലാം ദിനം അവസാനിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയേക്കാള്‍ നിലവില്‍ 88 റണ്‍സിന് പിറകിലാണ് സന്ദര്‍ശകര്‍. നൈറ്റ് വാച്ച്മാന് മാത്യു കുഹ്നെമാന് (0*), ട്രാവിസ് ഹെഡ് (3*) എന്നിവരാണ് ക്രീസില്‍.
കോലിക്ക് സെഞ്ചുറി, അക്സറിന് അര്‍ധ സെഞ്ചുറി:അവസാന സെഷനില്‍ റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യയുടെ സ്കോര്‍ 600ന് താഴെ ഒതുങ്ങിയത്. ശുഭ്മാന്‍ ഗില്ലിന് പിറകെ സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോലിയുടെ പ്രടനമാണ് ഇന്ന് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 364 പന്തുകളില്‍ 184 റണ്‍സാണ് വിരാട് കോലി നേടിയത്. താരത്തിന്റെ കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
241 പന്തുകളിലാണ് കോലി നൂറ് തികച്ചത്. ഓസ്ട്രേലിയയുടെ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടായിരുന്നു താരത്തിന്റെ സെഞ്ചുറി നേട്ടം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറിക്കായുള്ള മൂന്നര വര്‍ഷത്തെ കാത്തിരിപ്പാണ് 34കാരനായ കോലി അഹമ്മദാബാദില്‍ അവസാനിപ്പിച്ചത്.
അടുത്തകാലത്തായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇതിന് മുന്നെ 2019 നവംബറിലായിരുന്നു കോലിയുടെ ടെസ്റ്റ് സെഞ്ചുറി പിറന്നത്. തുടര്‍ന്ന് കളിച്ച 41 ഇന്നിങ്സുകളില്‍ 79 റണ്‍സ് നേടിയതായിരുന്നു താരത്തിന്റെ ടോപ് സ്കോര്‍.