അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ശ്രദ്ധയോടെ മുന്നേറുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച് ശുഭ്‌മാന്‍ ഗില്‍ (157 പന്തില്‍ 76) ചേതേശ്വര്‍ പുജാര (85 പന്തില്‍ 33) എന്നിവരാണ് ക്രീസില്‍ തുടരുന്നത്. 50-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 150 റണ്‍സ് കടത്തിയിട്ടുണ്ട്.
ഈ പ്രകടനത്തോടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നാഴികകല്ല് പിന്നിടാനും പുജാരയ്‌ക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ 2000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പുജാര. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്‌മണ്‍ എന്നിവരാണ് പുജാരയ്‌ക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം 50 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 480 റണ്‍സിനേക്കാള്‍ നിലവില്‍ 328 റണ്‍സ് പിറകിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ആദ്യ സെഷനില്‍ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. മാത്യൂ കുനെഹ്‌മാന്‍റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മര്‍നസ് ലബുഷെയ്‌നിന് ക്യാച്ച് നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ച് കയറിയത്.
58 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 35 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ശുഭ്‌മാന്‍ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റില്‍ 74 റണ്‍സാണ് രോഹിത് ഇന്ത്യന്‍ ടോട്ടലില്‍ ചേര്‍ത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്.
ബോളര്‍മാര്‍ക്ക് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന പിച്ചില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിന്‍റെ മികവിലാണ് ഇന്ത്യ ഓസീസിനെ 500 കടത്താതെ പിടിച്ച് കെട്ടിയത്. ഖവാജ 422 പന്തുകളില്‍ നിന്നും 180 റണ്‍സെടുത്ത് ഓസീസിന്‍റെ ടോപ് സ്‌കോററായി. ഇന്ത്യയില്‍ ആദ്യമായാണ് ടെസ്റ്റിന്‍റെ ഒരു ഇന്നിങ്‌സില്‍ ഒരു ഓസീസ് താരം നാനൂറോ അതില്‍ അധികമോ പന്തുകള്‍ നേരിടുന്നത്.