ഇന്‍ഡോര്‍:ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ലീഡെടുത്ത് ഓസ്‌ട്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 40 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 120 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ നിലവില്‍ സംഘത്തിന് 11 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.
അര്‍ധ സെഞ്ചുറി പിന്നിട്ട ഉസ്‌മാന്‍ ഖവാജ (139 പന്തില്‍ 60), സ്‌റ്റീവ് സ്‌മിത്ത് (8 പന്തില്‍ 3) എന്നിവരാണ് ക്രീസില്‍. ട്രാവിസ് ഹെഡ് (9), മര്‍നസ് ലബുഷെയ്ന്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. രണ്ടാം ഓവറില്‍ തന്നെ ഹെഡ്‌സിനെ മടക്കിയ രവീന്ദ്ര ജഡേജ ഓസീസിനെ ഞെട്ടിച്ചുവെങ്കിലും തുടര്‍ന്ന് ഒന്നിച്ച ഖവാജയും ലബുഷെയ്‌നും ഓസീസിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
35-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ലബുഷെയ്ന്‍റെ കുറ്റി തെറിപ്പിച്ച് ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുറത്താവും മുമ്പ് ഖവാജയ്‌ക്കൊപ്പം 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ലബുഷെയ്ന്‍ ഉയര്‍ത്തിയത്. നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ ഓസീസ് സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തുകയായിരുന്നു. ഓസീസിനായി മാത്യു കുഹ്‌നെമാന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ടോഡ് മര്‍ഫി ഒരു വിക്കറ്റും നേടി.
55 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെ തുടങ്ങിയെങ്കിലും ആറാം ഓവറില്‍ തന്നെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു.
23 പന്തില്‍ 12 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. പിന്നാലെ ഗില്ലും വീണു. 18 പന്തില്‍ 21 റണ്‍സെടുത്ത ഗില്ലിനെ കുഹ്‌നെമാന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. മൂന്നാമന്‍ ചേതേശ്വര്‍ പുജാരയ്‌ക്ക് നാല് പന്തുകള്‍ മാത്രമായിരുന്നു ആയുസ്.