നാഗ്‌പൂർ: ബോർഡർ- ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 177 റണ്‍സിന് ഓൾ ഔട്ടാക്കിയ ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 77 റണ്‍സ് എന്ന നിലയിലാണ്. 56 റണ്‍സുമായി നായകൻ രോഹിത് ശർമയും റണ്‍സൊന്നുമെടുക്കാതെ രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ.
ഓപ്പണർ കെഎൽ രാഹുലിന്‍റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഓസീസിന്‍റെ ചെറിയ സ്‌കോറിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് മത്സരത്തിന്‍റെ ആദ്യ പന്തുമുതൽ ആക്രമിച്ചാണ് കളിച്ചത്. ആദ്യ ഓവറിൽ തന്നെ മൂന്ന് ഫോറുകളാണ് രോഹിത് പായിച്ചത്.
മറുവശത്ത് കൃത്യമായി സ്‌ട്രൈക്ക് കൈമാറി രോഹിതിന് അടിക്കാൻ അവസരം നൽകുകയായിരുന്നു രാഹുൽ. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇതിനിടെ കെഎൽ രാഹുലിനെ പുറത്താക്കി ടോഡ് മർഫിയാണ് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.
71 പന്തിൽ 20 റണ്‍സെടുത്ത രാഹുലിനെ മർഫി തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഒന്നാം ദിനം മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് രാഹുൽ പുറത്തായത്. പിന്നാലെ നൈറ്റ്‌വാച്ച്‌മാനായി ആർ അശ്വിൻ ക്രീസിലെത്തുകയായിരുന്നു. ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോർ മറികടക്കാൻ ഇന്ത്യയ്‌ക്കിനി 100 റണ്‍സ് മതിയാകും.
കറക്കി വീഴ്‌ത്തി ജഡേജ: നേരത്തെ ആദ്യ ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയെ സ്‌പിൻ കെണിയിൽ കുടുക്കിയാണ് ഇന്ത്യ വീഴ്‌ത്തിയത്. ശക്‌തരായ ഓസീസ് ബാറ്റിങ് നിര 177 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നീണ്ട നാളുകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഓസീസ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും നേടി.
ഓപ്പണർ ഉസ്‌മാൻ ഖവാജയെ(1) വിക്കറ്റിന് മുന്നിൽ കുരുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണറെ പുറത്താക്കി മുഹമ്മദ് ഷമി ഓസ്‌ട്രേലിയയ ഞെട്ടിച്ചു. ഇതോടെ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ രണ്ട് റണ്‍സ് എന്ന നിലയിൽ ഓസ്‌ട്രേലിയ പരുങ്ങലിലായി. എന്നാൽ പിന്നീടൊന്നിച്ച മാർനസ് ലാബുഷെയ്‌ൻ- സ്‌റ്റീവ് സ്‌മിത്ത് സഖ്യം സ്‌കോർ പതിയെ മുന്നോട്ടുയർത്തി.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇരുവരും ചേർന്ന് 74 റണ്‍സിന്‍റെ കൂട്ടുകെട്ടാണുയർത്തിയത്. എന്നാൽ ലഞ്ചിന് ശേഷം ജഡേജയുടെ ശക്‌തമായ മടങ്ങിവരവാണ് കാണാനായത്. തന്‍റെ രണ്ടാം ഓവറിൽ തന്നെ ലാബുഷെയ്‌നെ (49) പുറത്താക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിലെത്തിയ മാറ്റ് റെൻഷായെ(0) തൊട്ടടുത്ത പന്തിൽ തന്നെ പുറത്താക്കി ജഡേജ ഓസീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു.
റെക്കോഡിട്ട് അശ്വിൻ: അധികം വൈകാതെ തന്നെ ഒരു വശത്ത് തകർത്തടിക്കുകയായിരുന്ന സ്റ്റീവ് സ്‌മിത്തിനേയും(37) ജഡേജ കൂടാരം കയറ്റി. പിന്നാലെ ഒന്നിച്ച പീറ്റർ ഹാൻഡ്‌സ്കോംബും അലക്‌സ് കാരിയും അൽപസമയം പിടിച്ചു നിന്നു. എന്നാൽ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഹാൻഡ്‌സ്കോംബിനെ(31) എൽബിയിൽ കുരുക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു.
തുടർന്ന് അശ്വിന്‍റെ വിക്കറ്റ് വേട്ടക്കാണ് നാഗ്‌പൂർ സാക്ഷ്യം വഹിച്ചത്. അലക്‌സ് ക്യാരിയെ ബൗൾഡാക്കിയ അശ്വിൻ പാറ്റ് കമ്മിൻസ്, ടോഡ് മുർഫി, സ്‌കോട്ട് ബോളണ്ട് എന്നിവരെയും പുറത്താക്കി. ഇതോടെ ടെസ്റ്റിൽ 450 വിക്കറ്റ് എന്ന നേട്ടവും അശ്വിൻ സ്വന്തമാക്കി.