ന്യൂഡല്‍ഹി: ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കിത് കഷ്‌ടകാലം. മോശം ഫോമിനൊപ്പം പരിക്കും വലച്ചതോടെ ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്നും വാര്‍ണര്‍ പുറത്തായി. താരത്തിന്‍റെ കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി മാറ്റ് റെൻഷോ ടീമിലെത്തി. പരമ്പരയില്‍ കളിച്ച മൂന്ന് ഇന്നിങ്‌സുകളിലും താരത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട വാര്‍ണറെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് വാര്‍ണര്‍ ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ താരത്തിന് സാധിച്ചില്ല. 44 പന്തില്‍ 15 റണ്‍സ് മാത്രം നേടിയ താരത്തെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു.
ബാറ്റിങ്ങിനിടെ പലതവണ താരത്തിന് ഏറു കൊള്ളുകയും ചെയ്‌തു. മുഹമ്മദ് സിറാജിന്‍റെ ഒരു പന്ത് കൈമുട്ടില്‍ ഇടിച്ചതിനാല്‍ വാര്‍ണര്‍ വൈദ്യ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെ സിറാജിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് താരത്തിന്‍റെ ഹെല്‍മെറ്റിലും ഇടിച്ചു.