കേരളം

kerala

ETV Bharat / sports

ബാറ്റിങ്ങില്‍ അക്‌സറിന്‍റെ റേഞ്ച് ജഡേജയേക്കാൾ കൂടുതലെന്ന് ഇര്‍ഫാന്‍ പഠാന്‍ - രവീന്ദ്ര ജഡേജ

ഓസീസ് പേസര്‍മാരെ തികഞ്ഞ ആത്മവിശ്വാസത്തോടെയും മികച്ച സാങ്കേതികതയോടെയുമാണ് അക്‌സര്‍ പട്ടേല്‍ നേരിട്ടതെന്ന് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

Border Gavaskar Trophy  Axar Patel  Ravindra Jadeja  Irfan Pathan  Irfan Pathan on Axar Patel  india vs australia  ഇന്ത്യ vs ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  അക്‌സര്‍ പട്ടേല്‍  രവീന്ദ്ര ജഡേജ  ഇര്‍ഫാന്‍ പഠാന്‍
ബാറ്റിങ്ങില്‍ അക്‌സറിന്‍റെ റേഞ്ച് ജഡേജയേക്കാൾ കൂടുതലെന്ന് ഇർഫാൻ പഠാൻ

By

Published : Feb 12, 2023, 6:00 PM IST

മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് അക്‌സര്‍ പട്ടേലിനുള്ളത്. വാലറ്റത്ത് തകര്‍ത്തടിച്ച അക്‌സറിന്‍റെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 400 റണ്‍സ് തൊട്ടത്. ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ താരം 174 പന്തില്‍ 84 റണ്‍സാണ് നേടിയത്.

അക്‌സറിന്‍റെ കരിയര്‍ ബെസ്റ്റാണിത്. ഈ പ്രകടനത്തിന് അക്‌സറിനെ പുകഴ്‌ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ബാറ്റിങ്ങില്‍ മികച്ച പുരോഗതിയാണ് അക്‌സര്‍ കൈവരിച്ചിട്ടുള്ളതെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

ഇപ്പോള്‍ ബാറ്റിങ്ങിലെ താരത്തിന്‍റെ റേഞ്ച് രവീന്ദ്ര ജഡേജയേക്കാള്‍ ഒരല്‍പം ഉയര്‍ന്നതാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. "ഏറെ പുതുമയോടെയാണ് അക്‌സര്‍ കളിച്ചത്. പ്രത്യേകിച്ച്, വളരെ ആസ്വദിച്ചാണ് അവന്‍ ബാറ്റ് വീശിയത്.

താരത്തിന്‍റെ ബാറ്റിങ്‌ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഞാൻ ഒരിക്കൽ കൂടി പറയാം. വളരെ മികച്ച റേഞ്ചാണ് അവനുള്ളത്. ഒരു ബാറ്റര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയേക്കാള്‍ ഒരല്‍പ്പം ഉയര്‍ന്നതാണത്", ഇര്‍ഫാന്‍ പറഞ്ഞു.

പേസര്‍മാര്‍ക്കെതിരായ അക്‌സറിന്‍റെ പ്രകടനവും ഇര്‍ഫാനില്‍ മതിപ്പുളവാക്കിയിട്ടുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയും മികച്ച സാങ്കേതികതയോടെയുമാണ് അക്‌സര്‍ പേസര്‍മാര്‍ക്കെതിരെ കളിക്കുന്നത്. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഓസ്‌ട്രേലിയ തോല്‍വി സമ്മതിച്ചത്.

രണ്ട് ഇന്നിങ്‌സുകളിലായി അഞ്ച് വിക്കറ്റ് വീതം നേടിയ അര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഓസീസിനെ കറക്കി വീഴ്‌ത്തിയത്. വിജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പരയാണിത്.

ALSO READ:'കഴിവ് നോക്കുമ്പോള്‍ അവസരം നല്‍കണം'; വിമര്‍ശനങ്ങളില്‍ വലയുന്ന രാഹുലിനെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

ABOUT THE AUTHOR

...view details