ബെംഗളൂരു : ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയിലെ സ്‌പിന്നിന് അനുകൂലമായ പിച്ച് വെല്ലുവിളിയാവുമെന്ന് ഓസ്‌ട്രേലിയക്ക് ഉറപ്പാണ്. ഓഫ് സ്‌പിന്നര്‍ ആര്‍ അശ്വിനുള്‍പ്പടെയുള്ള താരങ്ങള്‍ അപകടകമാരികളാവുമെന്നാണ് ഓസീസിന്‍റെ കണക്കുകൂട്ടല്‍. ഈ പ്രതിസന്ധി മറികടക്കുന്നതിനായി അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ തന്നെ ഇറക്കി പരിശീലനം നടത്തുകയാണ് ഓസീസ്.
അശ്വിനോട് അസാധാരണ സാമ്യമുള്ള ബറോഡ താരം മഹേഷ് പിത്തിയയെക്കൊണ്ട് പന്തെറിയിച്ചാണ് ഓസീസ് ബാറ്റര്‍മാര്‍ പരിശീലനം നടത്തുന്നത്. സ്‌റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെതിരെ മികച്ച പ്രകടനമാണ് 21കാരനായ പിത്തിയ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ബറോഡയ്‌ക്കായി ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിച്ച പിത്തിയയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഓസ്‌ട്രേലിയുടെ ത്രോഡൗൺ ബോളര്‍മാരില്‍ ഒരാളായ പ്രതേഷ് ജോഷിയാണ് പിത്തിയയെ ഓസ്‌ട്രേലിയയുടെ അസിസ്റ്റന്‍റ് കോച്ച് ആന്ദ്രെ ബോറോവെക്കിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഹൈദരാബാദിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച ഇടംകൈയ്യൻ സ്പിന്നർ മെഹ്‌റോത്ര ശശാങ്കിനും ക്യാമ്പിൽ പങ്കെടുക്കാൻ അദ്ദേഹം സൗകര്യമൊരുക്കി.
രസകരമായ കാര്യമെന്താണെന്നുവച്ചാല്‍ ഗുജറാത്തിലെ ജുനഗഡിൽ വളർന്ന പിത്തിയയ്‌ക്ക് തന്‍റെ 11ാം വയസുവരെ അശ്വിൻ ബോള്‍ ചെയ്യുന്നത് കാണാനേ കഴിഞ്ഞിട്ടില്ല. ഗ്രാമത്തിലെ ടിവിയുടെ അഭാവമായിരുന്നു ഇതിന് കാരണം. ഒടുവിൽ 2013ൽ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലാണ് താരം അശ്വിന്‍റെ പ്രകടനം കാണുന്നത്. ഇപ്പോള്‍ അശ്വിന്‍റെ കടുത്ത ആരാധകനാണ് പിത്തിയ.