നാഗ്‌പൂര്‍:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ആദ്യം ഫീല്‍ഡ് ചെയ്യുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍ ബാറ്റിങ് തെരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും, ശ്രീകര്‍ ഭരതും ആദ്യ മത്സരത്തിനിറങ്ങി.
ഇരുവരുടെയും അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റമാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തി. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസ് ബോളര്‍മാരുമാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ജഡേജയ്‌ക്ക് പുറമെ അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ടീമിലെ മറ്റ് സ്പിന്നര്‍മാര്‍. മുഹമ്മദ് സിറാജിനും മുഹമ്മദ് ഷാമിക്കുമാണ് പേസ് ബോളിങ് ചുമതല. അതേസമയം വെറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെഎല്‍ രാഹുലാണ് ഓപ്പണിങ്ങിനിറങ്ങുക. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയും നാലാം നമ്പറില്‍ വിരാട് കോലിയും ക്രീസിലേക്കെത്തും. അതേസമയം, പിച്ചിന്‍റെ സ്വഭാവമനുസരിച്ച് തങ്ങളും ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ടോസിനിടെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
ഓസ്‌ട്രേലിയന്‍ നിരയില്‍ ടോഡ് മര്‍ഫിക്കും ഇത് അരങ്ങേറ്റ മത്സരമാണ്. ട്രാവിസ് ഹെഡിന് പകരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ഓസീസ് അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് സ്‌പിന്നിനെ തുണയ്‌ക്കുമെന്നാണ് വിദഗ്‌ദരുടെ വിലയിരുത്തല്‍. ഇടം കയ്യന്‍ സ്‌പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നും കൂടുതല്‍ സഹായം ലഭിക്കാനാണ് സാധ്യതയെന്ന് കമന്‍റേറ്ററും മുന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മത്സരത്തിന്‍റെ അതിവേഗത്തില്‍ തന്നെ അവസാനിക്കാനാണ് സാധ്യതയെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്‌ഡന്‍റെ പ്രവചനം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് ഈ പരമ്പര 4-0ന് വിജയിക്കേണ്ടതുണ്ട്. ഓസ്ട്രേലിയക്കെതിരായ പരമ്പര തൂത്തുവാരിയില്ലെങ്കില്‍ മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
ഇന്ത്യ-ഓസീസ് പോരാട്ടം ലൈവായി കാണാനുള്ള വഴികള്‍: സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലെ മത്സരങ്ങള്‍ ലൈവായി ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഓണ്‍ലൈനിലൂടെയും മത്സരം സ്ട്രീം ചെയ്യാന്‍ സാധിക്കും.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്‌റ്റന്‍), കെ എൽ രാഹുൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രീകർ ഭരത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്‌സര്‍ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്(ക്യാപ്‌റ്റന്‍), നഥാൻ ലിയോൺ, ടോഡ് മർഫി, സ്‌കോട്ട് ബോളണ്ട്