നാഗ്‌പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയിലെ രണ്ടാം ദിനം 144 റണ്‍സിന്‍റെ ലീഡുമായി ഇന്ത്യ. ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം സ്‌റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സ് എന്ന നിലയിലാണ്. ആതിഥേയരായ ഇന്ത്യയ്‌ക്ക് നിലവില്‍ 144 റണ്‍സിന്‍റെ ലീഡായി.
രവീന്ദ്ര ജഡേജ (66*), അക്‌സര്‍ പട്ടേല്‍ (52*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമായി. 212 പന്തില്‍ 120 റണ്‍സെടുത്താണ് രോഹിത് തിളങ്ങിയത്. അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസീസിന് നിര്‍ണായകമായത്.
ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിന ബാറ്റിങ് പുനരാരംഭിച്ചത്. നൈറ്റ് വാച്ച്‌മാന്‍ ആര്‍ അശ്വിന്‍റെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് ഇന്ന് ആദ്യം നഷ്‌ടമായത്. ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നതിന് പിന്നാലെ 41ാം ഓവറിന്‍റ ആദ്യ പന്തില്‍ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫിയാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 62 പന്തില്‍ 23 റണ്‍സാണ് താരം നേടിയത്.
പിന്നീടെത്തിയ ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ നിരാശപ്പെടുത്തി. 14 പന്തില്‍ ഏഴ് റണ്‍സുടുത്ത പുജാരയെ മര്‍ഫിയുടെ പന്തില്‍ സ്‌കോട്ട് ബൊലാന്‍ഡ് പിടികൂടുകയായിരുന്നു. തുടക്കത്തില്‍ പ്രയാസപ്പെട്ട കോലി മികച്ച ടച്ചിലെന്ന് തോന്നിച്ചെങ്കിലും മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി.