ബിർമിങ്ഹാം : എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്കെതിരെ വംശീയാധിക്ഷേപമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് 32-കാരനെയാണ് ബിർമിങ്ഹാം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്നും പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിനിടെ ആരാധകർക്ക് നേരെ വംശീയ അധിക്ഷേപം ; യുവാവ് അറസ്റ്റിൽ
ടെസ്റ്റിന്‍റെ നാലാംദിനം ഇന്ത്യന്‍ ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമാണ് മത്സരത്തിലെ വംശീയാധിക്ഷേപ ആരോപണം ചർച്ചയാക്കിയത്. കുറ്റക്കാരെ ചൂണ്ടിക്കാണിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്ന് ഇന്ത്യന്‍ ആരാധകർ ആക്ഷേപം ഉന്നയിച്ചിരുന്നു.
ഇംഗ്ലണ്ട് - ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ ബിർമിങ്ഹാം സ്‌റ്റേഡിയത്തിൽ ഇന്ത്യന്‍ ആരാധകർ വംശീയാധിക്ഷേപത്തിന് വിധേയരായെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യൻ ആരാധകരിൽ ചിലർ ഇംഗ്ലണ്ട് കാണികളിൽ നിന്നുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഇന്ത്യന്‍ കാണികൾക്ക് നേരെ ഇംഗ്ലണ്ട് കാണികള്‍ അസഭ്യവർഷം നടത്തിയെന്ന് ഒരുപാട് ആളുകൾ ട്വീറ്റ് ചെയ്‌തിരുന്നു.