ന്യൂഡല്‍ഹി : ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മിന്നും ജയത്തോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍. ഇന്നലെ (ഒക്ടോബര്‍ 15) ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിന്‍റെ ജയമാണ് അഫ്‌ഗാനിസ്ഥാന്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ അവരുടെ രണ്ടാമത്തെ മാത്രം ജയമാണിത്.
ഈയൊരു തോല്‍വി ഇംഗ്ലണ്ടിന് അത്ര പുതുമയുള്ളതല്ല. മുന്‍പ് പല പ്രാവശ്യവും ക്രിക്കറ്റിലെ കുഞ്ഞന്മാരായ ടീമുകള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ തകര്‍ത്തിട്ടുണ്ട്. സിംബാബ്‌വെ, അയര്‍ലന്‍ഡ്, ബംഗ്ലാദേശ്. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ അഫ്‌ഗാനിസ്ഥാനും പേര് ചേര്‍ത്തിരിക്കുന്നത്.
സിംബാബ്‌വെയോട് തോറ്റ ഇംഗ്ലണ്ട് :ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ട് ആദ്യമായിട്ടൊരു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത് 1992ല്‍ സിംബാബ്‌വെയ്‌ക്കെതിരെ ആയിരുന്നു. ഓസ്‌ട്രേലിയയിലെ ആല്‍ബറിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി സിംബാബ്‌വെയെ ബാറ്റിങ്ങിന് വിട്ട ഇംഗ്ലണ്ടിന് അവരെ 134 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ സാധിച്ചിരുന്നു. റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിന്‍റെയും ഇയാന്‍ ബോത്തമിന്‍റെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനമായിരുന്നു ഇംഗ്ലീഷ് ആക്രമണങ്ങള്‍ക്ക് മത്സരത്തില്‍ കരുത്തായത്.
മറുപടി ബാറ്റിങ്ങില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ട് വിജയലക്ഷ്യത്തിന് 9 റണ്‍സ് അകലെ വീണു. 49.1 ഓവറില്‍ 125 റണ്‍സ് മാത്രമായിരുന്നു അന്ന് ഇംഗ്ലണ്ടിന് നേടാനായത്. പത്തോവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ എഡോ ബ്രാൻഡസിന്‍റെ പ്രകടനമായിരുന്നു സിംബാബ്‌വെയ്‌ക്ക് സ്വപ്നതുല്യമായൊരു ജയമൊരുക്കി നല്‍കിയത്.
ഇംഗ്ലീഷ് പടയെ ഞെട്ടിച്ച കെവിന്‍ ഒബ്രിയന്‍ :ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നിനായിരുന്നു 2011ല്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം വേദിയായത്. അയല്‍ക്കാരായ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സാണ് അടിച്ചെടുത്തത്. കെവിന്‍ പീറ്റേഴ്‌സണ്‍, ഇയാന്‍ ബെല്‍, ജൊനാഥന്‍ ട്രോട്ട് എന്നിവരുടെ അര്‍ധസെഞ്ച്വറികളായിരുന്നു ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.