കട്ടക്ക്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നതിന് മുന്നോടിയായി നായകൻ റിഷഭ് പന്തിന് പിന്തുണയുമായി വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. ആദ്യ മത്സരത്തിലെ റിഷഭ് പന്തിന്‍റെ ക്യാപ്‌റ്റന്‍സിയെ പിന്തുണച്ച ഭുവി അടുത്ത മത്സരങ്ങളില്‍ നായകനെന്ന നിലയിൽ തിളങ്ങാനാകുമെന്നും പറഞ്ഞു. ക്യാപ്‌റ്റനെന്ന നിലയിൽ പന്തിന്‍റെ ആദ്യ മത്സരമായിരുന്നെന്നും തുടക്കത്തിൽ പിഴവുകൾ എല്ലാവർക്കും സംഭവിക്കുന്നതാണെന്നും ഭുവി കൂട്ടിച്ചേർത്തു.
റിഷഭ് കൊണ്ടുവന്ന ബൗളിങ് മാറ്റങ്ങളില്‍ വിക്കറ്റ് വീണിരുന്നെങ്കില്‍ എല്ലാവരും അദ്ദേഹത്തെ പുകഴ്‌ത്തിയേനെ, എന്നാല്‍ വിക്കറ്റ് വീഴാതിരുന്നതോടെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്‌തു. എന്നാല്‍ ബൗളിങ് ടീമാണ് ഇവിടെ ക്യാപ്‌റ്റന്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റേണ്ടത്.
ആദ്യ മത്സരത്തിൽ തകർത്തടിച്ച മില്ലർക്കെതിരെ പന്തെറിയാൻ ബുദ്ധിമുട്ടാണെന്നും, താരത്തെ ദക്ഷിണാഫ്രിക്ക പുറത്തിരുത്തിയാൽ നന്നായിരുന്നുവെന്നും, ആദ്യ മത്സരത്തിലെ തോല്‍വിക്ക് കാരണം മോശം ബൗളിങ്ങാണെന്നും ഭുവി പറഞ്ഞു. രണ്ടാം മത്സരത്തില്‍ ബൗളര്‍മാര്‍ മികവിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷയെന്നും ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാകുമെന്നാണ് കരുതുന്നതെന്നും ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.
ALSO READ: 'കാലൊടിഞ്ഞാലും സച്ചിനെയും സെവാഗിനെയും ഞാന്‍ പുറത്താക്കുമായിരുന്നു'; മൊഹാലിയിലെ ആ ഓര്‍മ വേദനിപ്പിക്കുന്നതായി അക്തര്‍
ഡൽഹിയിൽ നടന്ന ആദ്യ ടി-20യിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ടെംബ ബാവുമയുടെ വിക്കറ്റ് നേടിയ വെറ്ററൻ പേസർ ഡെത്ത് ഓവറിൽ ധാരാളം റൺസ് വഴങ്ങിയിരുന്നു. നാല് ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് ഭുവനേശ്വറിന് നേടാനായത്.