മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളര്‍ ഭുവനേശ്വർ കുമാർ. ഐപിഎല്ലില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ പേസറെന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്.
മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. ഐപിഎല്ലിൽ 150 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ പേസറാണ് ഭുവനേശ്വര്‍. വെസ്റ്റ്ഇന്‍ഡീസ് ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ(174) ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ (170) എന്നിവരാണ് ഭുവിക്ക് മുന്നേ ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യന്‍ സ്‌പിന്നര്‍മാരായ അമിത് മിശ്ര (166), പിയൂഷ് ചൗള (157), യുസ്‌വേന്ദ്ര ചാഹൽ (151), ഹർഭജൻ സിങ് (150) എന്നിവര്‍ നേരത്തെ തന്നെ ഈ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടുണ്ട്. മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിന് ഹൈദരാബാദ് തോല്‍പ്പിച്ചിരുന്നു.