മുംബൈ: ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ ഇന്ത്യയ്‌ക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിത്തന്ന നായകനാണ് എംഎസ് ധോണി. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി ഇന്ത്യയ്‌ക്ക് ഐസിസി കിരീടമെന്നത് കിട്ടാക്കനിയാണ്.
ഇക്കാലയളവില്‍ ഇന്ത്യ നാല് തവണ ഫൈനല്‍ കളിക്കുകയും നിരവധി തവണ സെമി ഫൈനലില്‍ എത്തുകയും ചെയ്‌തിട്ടുണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. എംസ് ധോണിക്ക് ശേഷം ടീമിന്‍റെ ചുമതലയേറ്റെടുത്ത വിരാട് കോലി ടെസ്റ്റില്‍ ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചെങ്കിലും ഐസിസി കിരീടം നേടുന്നതില്‍ പരാജയപ്പെട്ടു. വിരാട് കോലിക്ക് പിന്നാലെ എത്തിയ രോഹിത് ശര്‍മയുടേയും സ്ഥിതി സമാനമാണ്.
രോഹിത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ സെമിയിലാണ് ഇന്ത്യ പുറത്തായത്. പിന്നീട് കളിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് കൂറ്റന്‍ തോല്‍വി വഴങ്ങുകയും ചെയ്‌തു. വിരാട് കോലിക്കും നിലവില്‍ രോഹിത് ശര്‍മയ്‌ക്കും കീഴില്‍ ഉഭയകക്ഷി മത്സരങ്ങളിൽ വിജയിക്കാന്‍ കഴിഞ്ഞുവെങ്കിലും ഐസിസി ട്രോഫി നേടാന്‍ കഴിയാത്തത് വിമര്‍ശനവിധേയമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ക്കിടെ എംസ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനായതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ സെലക്ടര്‍ ഭൂപീന്ദർ സിങ്. കളിക്കാരോടുള്ള പെരുമാറ്റം ഉള്‍പ്പെടെ പല കാര്യങ്ങള്‍ പരിഗണിച്ചാണ് ധോണിയെ ബിസിസിഐ ക്യാപ്റ്റനാക്കിയതെന്നാണ് അദ്ദേഹം പറയുന്നത്.