കേരളം

kerala

ETV Bharat / sports

ആഷസ് : ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് സാക്ക് ക്രാളി ; വായ പൊളിച്ച് സ്‌റ്റോക്‌സ് - വീഡിയോ - ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയടിച്ച് ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രാളി

Ben Stokes  Ashes  Ashes 2023  Zak Crawley  Bazball  pat cummins  ആഷസ്  സാക്ക് ക്രാളി  ബെന്‍ സ്റ്റോക്‌സ്  england vs australia  ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ  ബാസ്ബോൾ
ആഷസ്: ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് സാക്ക് ക്രാളി

By

Published : Jun 16, 2023, 8:20 PM IST

എഡ്‌ജ്‌ബാസ്റ്റണ്‍ : ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുന്ന ആഷസ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് തുടക്കമായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ വിഖ്യാതമായ എഡ്‌ജ്‌ബാസ്റ്റണ്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്മാരായി എത്തുന്ന കങ്കാരുക്കള്‍ക്കെതിരെ തങ്ങളുടെ ഫയര്‍ ബ്രാന്‍ഡ് മോഡലായ ബാസ്‌ബോള്‍ ശൈലിയില്‍ മാറ്റം വരുത്താതെയാണ് ഇംഗ്ലണ്ട് ടീം കളിക്കുന്നത്.

ഇംഗ്ലണ്ടിനായി ഇന്നിങ്‌സിന് ഓപ്പണ്‍ ചെയ്‌ത സാക്ക് ക്രാളി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ ആദ്യ പന്തുതന്നെ ബൗണ്ടറി കടത്തിക്കൊണ്ട് ഇക്കാര്യം അടിവരയിടുകയും ചെയ്‌തു. മാന്യമായ ലെങ്ത്തില്‍ ഓഫ്‌ സ്റ്റംപിന് പുറത്തായിരുന്നു കമ്മിന്‍സ് ഇന്നിങ്‌സിലെ ആദ്യ പന്ത് എറിഞ്ഞത്. എന്നാല്‍ ഒരു മികച്ച കവര്‍ ഡ്രൈവിലൂടെ ഈ പന്ത് ക്രാളി അതിര്‍ത്തിയിലേക്ക് പായിക്കുകയായിരുന്നു.

ക്രാളിയുടെ ആ തകര്‍പ്പന്‍ ഷോട്ടില്‍ അമ്പരന്നുകൊണ്ട് വായ പൊളിച്ചുപോയ ക്യാപ്റ്റന്‍ ബെൻ സ്റ്റോക്‌സിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ മത്സരം ആരംഭിക്കും മുമ്പ് തന്നെ എതിരാളിയെ പരിഗണിക്കാതെ ഇംഗ്ലണ്ട് തങ്ങളുടെ ആക്രമണാത്മക ക്രിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് ക്യാപ്റ്റന്‍ സ്റ്റോക്‌സ് പറഞ്ഞിരുന്നു.

"ഞങ്ങളുടെ ക്രിക്കറ്റ് കളിക്കാൻ, ഞങ്ങൾ ആഗ്രഹിക്കുന്ന ഒരു ശൈലിയും ഒരു രീതിയും ഞങ്ങൾ കണ്ടെത്തി. അത് വളരെ വിജയകരമാണ്. എതിരാളിയെ പരിഗണിക്കാതെയാണ് ഞങ്ങൾ അതിൽ ഉറച്ചുനിൽക്കാൻ പോകുന്നത്. അതെങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ സ്വാധീനം ചെലുത്താന്‍ സാഹചര്യങ്ങള്‍ക്ക് കഴിയും.

പക്ഷേ, ഞങ്ങൾ എല്ലായ്‌പ്പോഴും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കും. പോസിറ്റീവായാണ് എപ്പോഴും ഗെയിമിനെ സമീപിക്കാന്‍ ശ്രമിക്കുക. ഇപ്പോഴത്തെ ശൈലി ഞങ്ങള്‍ ഏറെ ആസ്വദിക്കുന്നുണ്ട്. എതിരെയുള്ളത് ആരായാലും അവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് ശ്രമം നടത്തുക. മനുഷ്യനെയല്ല, പന്തിനെയാണ് അഭിമുഖീകരിക്കുന്നത്" - എന്നായിരുന്നു സ്‌റ്റോക്‌സിന്‍റെ വാക്കുകള്‍.

ഇംഗ്ലണ്ടിന്‍റെ ആക്രമണാത്മക ക്രിക്കറ്റിനെയാണ് 'ബാസ്ബോൾ' എന്ന് വിളിക്കുന്നത്. സ്റ്റോക്‌സിന് കീഴില്‍ 'ബാസ്ബോൾ' കളിച്ചുകൊണ്ട് 14 മത്സരങ്ങളില്‍ 11-ലും വിജയം നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടുണ്ട്. വെറും മൂന്ന് കളികളില്‍ മാത്രമാണ് ഇംഗ്ലീഷ് ടീം തോൽവി വഴങ്ങിയത്.

അതേസമയം എഡ്‌ജ്‌ബാസ്റ്റണില്‍ ടോസ് നേടിയ ബെന്‍ സ്റ്റോക്‌സ് ഓസ്‌ട്രേലിയയെ ബോളിങ്ങിന് അയയ്‌ക്കുകയായിരുന്നു. തങ്ങളുടെ പ്ലെയിങ്‌ ഇലവനെ ഇംഗ്ലണ്ട് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടോസിന്‍റെ സമയത്താണ് ഓസീസ് ടീം തങ്ങളുടെ പ്ലെയിങ്‌ ഇലവന്‍ പുറത്തുവിട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് സംഘം കളിക്കാന്‍ ഇറങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ജോഷ് ഹേസല്‍വുഡാണ് ടീമില്‍ ഇടം നേടിയത്.

ഓസ്‌ട്രേലിയ (പ്ലെയിങ്‌ ഇലവൻ) : ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, മാർനസ് ലാബുഷൈന്‍, സ്റ്റീവൻ സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്, സ്‌കോട്ട് ബോളണ്ട്.

ALSO READ: 'ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത് ഒരാള്‍ ഒറ്റയ്‌ക്കല്ല' ; റായുഡുവിന് മറുപടിയുമായി എംഎസ്‌കെ പ്രസാദ്

ഇംഗ്ലണ്ട് (പ്ലെയിങ്‌ ഇലവൻ) : ബെൻ ഡക്കെറ്റ്, സാക്ക് ക്രൗളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്‌സ്, ജോണി ബെയ്ർസ്റ്റോ, മൊയീൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.

ABOUT THE AUTHOR

...view details