ലണ്ടന്‍ :ഇംഗ്ലീഷ് കഥകളിലെ വീരനായകൻമാർ പോരാട്ട വീര്യം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചവരാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അസാമാന്യ ധൈര്യം കൊണ്ട് നേരിട്ടവർ. 2019-ല്‍ ഇംഗ്ലണ്ട് വിശ്വക്രിക്കറ്റ് കിരീടത്തില്‍ മുത്തമിട്ടതിന് പ്രധാന പങ്ക് വഹിച്ച ഓരാളുണ്ടായിരുന്നു, ബെന്‍ സ്‌റ്റോക്‌സ് എന്ന ന്യൂസിലാന്‍ഡ് വംശജനായ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍.
ഏത് കൊല കൊല്ലി ബോളറേയും സിക്‌സര്‍ പറത്താനും, അതിവേഗ സെഞ്ച്വറി നേടാനും കഴിവുള്ള ഇടം കൈയ്യന്‍ ബാറ്റര്‍. വലതുകൈ കൊണ്ട് 140 കിലോ മീറ്റര്‍ വേഗത്തിനുമുകളില്‍ പന്തെറിഞ്ഞ് എതിരാളിയുടെ വിക്കറ്റ് സ്വന്തമാക്കുന്നവന്‍. ഒരു കാലത്ത് ഇംഗ്ലണ്ട് നിരയിലെ മികച്ച ഓള്‍ റൗണ്ടറായിരുന്ന ആന്‍ഡ്ര്യൂ ഫ്ലിന്‍റോഫിനൊത്ത പിന്‍ഗാമിയായിരുന്നു അയാളും.
ഇംഗ്ലണ്ട് നിരയില്‍ തോല്‍ക്കാന്‍ മനസില്ലാത്ത, സഹതാരങ്ങൾ പാതിവഴിയില്‍ പരാജയപ്പെടുമ്പോഴും സാഹചര്യം തന്‍റേതാക്കി സ്റ്റോക്‌സ് പോരാടും. അങ്ങനെ കൈവിട്ട് പോയ പല മത്സരങ്ങളും ടീമിനായി സ്വന്തമാക്കിയിട്ടുണ്ട് ഈ 31-കാരന്‍.
ബെൻ സ്റ്റോക്‌സിന്റെ ഏകദിന കരിയറിന്‍റെ നിർണായക നിമിഷം ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ-2019 ലോകകപ്പ് ഫൈനൽ വിജയമാണ്. ന്യൂസിലാന്‍ഡിനെതിരായ കലാശപ്പോരാട്ടത്തില്‍ 242 റൺസ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലിന് 86 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്ന ഘട്ടത്തില്‍ നിന്നും, സ്റ്റോക്‌സ് പുറത്താകാതെ 98 പന്തിൽ 84 റൺസും ജോസ് ബട്ട്‌ലറുമായി ചേർന്ന് 110 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കി ഇംഗ്ലണ്ടിനെ വിജയത്തിന്‍റെ കരയിലേക്ക് അടുപ്പിച്ചു.
അവസാന ഓവറില്‍ ലോകകപ്പ് സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത് ആറ് പന്തില്‍ 15 റണ്‍സ്. ആ ഓവറിലെ മൂന്നാം പന്തില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തിനെ അതിര്‍ത്തി കടത്തി സ്‌റ്റോക്‌സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി. തൊട്ടടുത്ത പന്തില്‍ രണ്ടാം റണ്‍ ഓടുന്നതിനിടെ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ എറിഞ്ഞ ബോള്‍ സ്റ്റോക്‌സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടന്നതോടെയാണ് കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ട് മത്സരം ടൈ ആക്കിയത്.
ചരിത്രത്തിലാദ്യമായി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്യാനെത്തിയതും തോല്‍വിയില്‍ നിന്ന് ടീമിനെ കരകയറ്റിയ ബെന്‍ സ്‌റ്റോക്‌സ്-ജോസ് ബട്‌ലര്‍ സഖ്യം ആയിരുന്നു. സൂപ്പര്‍ ഓവറില്‍ ഇടങ്കയ്യൻ ബാറ്റര്‍ മൂന്ന് പന്തില്‍ എട്ട് റണ്‍സാണ് തന്‍റെ ടീമിനായി സ്വന്തമാക്കിയത്. ഒടുവില്‍ ബൗണ്ടറികളുടെ മാര്‍ജിനില്‍ ഇംഗ്ലണ്ട് ആദ്യമായി ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും സ്‌റ്റോക്‌സ് എന്ന ഓള്‍ റൗണ്ടര്‍ ആയിരുന്നു.
2019-ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ തന്‍റെ വരവ് ബെഞ്ചമിന്‍ ആന്‍ഡ്ര്യൂ സ്‌റ്റോക്‌സ് എതിരാളികളെ അറിയിച്ചു. മത്സരത്തില്‍ 79 പന്തില്‍ 89 റണ്‍സ് നേടി ടോപ്‌സ്‌കോററായ സ്‌റ്റോക്‌സ് ഡീപ്പ് മിഡ് വിക്കറ്റിൽ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളില്‍ ഒന്ന് കൈപ്പിടിയിലാക്കി.
ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനായി 11 മത്സരങ്ങളില്‍ നിന്നും 66.42 ശരാശരിയില്‍ 465 റണ്‍സായിരുന്നു സ്‌റ്റോക്‌സിന്‍റെ സമ്പാദ്യം. ടീമിനായി എതിരാളികളുടെ ഏഴ് വിക്കറ്റുകളും വലംകൈയ്യന്‍ പേസ് ബോളര്‍ നേടി. 2017-ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ നിന്നും ചിരവൈരികളായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പുറത്താക്കിയതും ബെന്‍ സ്‌റ്റോക്‌സിന്‍റെ സെഞ്ച്വറിക്കരുത്തിലൂടെയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ മിച്ചല്‍ സ്‌റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് ത്രയത്തെ നേരിട്ടാണ് സ്‌റ്റോക്‌സ് ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 102 സ്വന്തമാക്കിയത്.
2013-ൽ 22-ാം വയസില്‍ ഏകദിന ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇംഗ്ലണ്ടിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനായും സ്റ്റോക്‌സ് മാറി. സതാംപ്‌ടണിൽ നടന്ന അഞ്ചാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു സ്‌റ്റോക്‌സിന്‍റെ മികച്ച ബോളിങ് പ്രകടനം. മത്സരത്തില്‍ 61 റണ്‍സ് വിട്ട് കൊടുത്താണ് യുവതാരം 5 വിക്കറ്റ് സ്വന്തമാക്കിയത്.
2011ല്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു സ്റ്റോക്‌സിന്‍റെ ഏകദിന അരങ്ങേറ്റം. 104 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ച സ്റ്റോക്‌സ് 39.45 ശരാശരിയില്‍ 2919 റണ്‍സ് നേടി. മൂന്ന് സെഞ്ച്വറികളും 21 അര്‍ധസെഞ്ച്വറികളും ഏകദിനങ്ങളില്‍ സ്റ്റോക്‌സിന്‍റെ പേരിലുണ്ട്. ഓള്‍ റൗണ്ടര്‍ കൂടിയായ സ്റ്റോക്‌സ് ഏകദിനങ്ങളില്‍ 74 വിക്കറ്റും സ്വന്തമാക്കി.
Also read:'അവിശ്വസനീയമാംവിധം കഠിനമായ തീരുമാനം' ; ഏകദിനത്തിൽ നിന്നും വിരമിക്കാനൊരുങ്ങി ബെന്‍ സ്റ്റോക്സ്
ഇംഗ്ലണ്ട് ടെസ്‌റ്റ് ടീമിന്‍റെ നായകനായ ബെന്‍ സ്‌റ്റോക്‌സ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകൾ കളിക്കുന്നതിന്‍റെ ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. സ്വന്തം നേട്ടങ്ങള്‍ക്ക് പിന്നാലെ പല താരങ്ങളും പോകുമ്പോള്‍ തന്‍റെ വിരമിക്കലിലൂടെ മറ്റൊരു യുവതാരത്തിന് ടീമില്‍ അവസരം നൽകാനാകുമെന്നതും വിരമിക്കുന്നതിന് കാരണമായി സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി.
11 വര്‍ഷത്തിന് ശേഷം ഏകദിന കരിയറിനോട് വിട പറയുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് സ്‌റ്റോക്‌സ് തന്‍റെ ടീമിലെ സ്ഥാനം ഒഴിയുന്നത്. അടുത്തിടെ ഇംഗ്ലണ്ടിനെ ലോകകിരീടത്തിലെത്തിച്ച നായകന്‍ ഓയിന്‍ മോര്‍ഗനും അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അതിന് പിന്നാലെയാണ് ബെന്‍ സ്‌റ്റോക്‌സിന്‍റെ പടിയിറക്കം.