ലണ്ടന്‍ : കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ആറാട്ടുമായി ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്. വോർസെസ്റ്റർഷയറിനെതിരെ ഡര്‍ഹാമിനായാണ് താരത്തിന്‍റെ വെടിക്കെട്ട് പ്രകടനം. 161 റൺസെടുത്ത സ്റ്റോക്‌സ് 17 സിക്‌സറാണ് പറത്തിയത്.
64 പന്തില്‍ സെഞ്ചുറി നേടിയ താരം, 88 പന്തിലാണ് 161 റണ്‍സ് അടിച്ച് കൂട്ടിയത്. ഇന്നിങ്സില്‍ ഒരോവറില്‍ അഞ്ച് സിക്‌സും ഒരു ഫോറുമടക്കം 34 റണ്‍സും സ്റ്റോക്‌സ് അടിച്ചെടുത്തു. 59 പന്തില്‍ നിന്ന് 70 റണ്‍സില്‍ നില്‍ക്കെ 18 കാരനായ ജോഷ് ബേക്കറെയായിരുന്നു താരം അടിച്ച് പറത്തിയത്.
ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡര്‍ഹാമിന് വേണ്ടി അതിവേഗ സെഞ്ചുറി നേടുന്ന താരമാവാനും സ്റ്റോക്‌സിനായി. കൂടാതെ കൗണ്ടിയില്‍ ഒരിന്നിങ്സില്‍ ഏറ്റവും കൂടുതൽ സിക്‌സുകളെന്ന റെക്കോഡും സ്റ്റോക്‌സ് സ്വന്തമാക്കി. 1995ൽ ആൻഡ്ര്യൂ സൈമണ്ട്സ് നേടിയ 16 സിക്‌സിന്‍റെ റെക്കോർഡാണ് സ്റ്റോക്‌സ് മറികടന്നത്.
also read:'സെലക്‌ടര്‍മാര്‍ എന്തിനത് ചെയ്‌തു ?' ; ഇന്ത്യന്‍ ടീമില്‍ ആ കൂട്ടുകെട്ട് തിരികെ കൊണ്ടുവരണമെന്ന് ഹര്‍ഭജന്‍
അതേസമയം കഴിഞ്ഞ മാസമാണ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീം നായകനായി ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ പ്രഖ്യാപിച്ചത്. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന്‍റെ പിൻഗാമിയായാണ് ഉപനായകനായിരുന്ന സ്‌റ്റോക്‌സെത്തുന്നത്. ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്‍റെ നായകനാവുന്ന 81ാമത് താരമാണ് ബെൻ സ്റ്റോക്‌സ്.