മുംബൈ :വെറ്ററന്‍ താരം വൃദ്ധിമാന്‍ സാഹയെ മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിസിസിഐ ഇടപെടുന്നു. സാഹയോട് വിവരങ്ങള്‍ ചോദിച്ചറിയുമെന്ന് ട്രഷറർ അരുൺ ധുമാൽ പറഞ്ഞു.
ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകനാണ് സാഹയെ ഭീഷണിപ്പെടുത്തി സന്ദേശമയച്ചത്. അനുകൂലമായി പ്രതികരിക്കാതിരുന്ന സാഹയോട് ഈ അപമാനം താന്‍ മറക്കില്ലെന്ന തരത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍റെ ഭീഷണി.
ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം സാഹ ട്വീറ്റ് ചെയ്‌തതോടെയാണ് സംഭവം ചര്‍ച്ചയായത്. സംഭവം ഗൗരവകരമാണെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇടപെടണമെന്നുമാവശ്യപ്പെട്ട് മുന്‍ കോച്ച് രവി ശാസ്‌ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അരുൺ ധുമാലിന്‍റെ പ്രതികരണം.
'അതെ, വൃദ്ധിമാനിന്‍റെ ട്വീറ്റിനെക്കുറിച്ചും എന്താണ് സംഭവിച്ചതെന്നും യഥാർഥ സംഭവം എന്താണെന്നും ഞങ്ങൾ ചോദിക്കും. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയോ എന്നതും അദ്ദേഹത്തിന്‍റെ ട്വീറ്റിന്‍റെ പശ്ചാത്തലവും സന്ദർഭവും ഞങ്ങൾക്ക് അറിയേണ്ടതുണ്ട്. എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ല. സെക്രട്ടറി (ജയ് ഷാ) തീർച്ചയായും വൃദ്ധിമാനുമായി സംസാരിക്കും' - അരുൺ ധുമാൽ പിടിഐയോട് പറഞ്ഞു.
also read: 'ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരോ സ്‌നേഹം പരത്തുന്നു'; കറാച്ചിയിലെ കോലി അരാധകന്‍റെ ചിത്രം പങ്കുവച്ച് അക്തര്‍
അതേസമയം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കുമെതിരെ സാഹ നേരത്തെ രംഗത്തെത്തിയിരുന്നു. ദ്രാവിഡ് തന്നോട് വിരമിക്കാന്‍ ആവശ്യപ്പെട്ടുവെന്നും, താന്‍ ബിസിസിഐയില്‍ ഉള്ളിടത്തോളം കാലം ടീമില്‍ ഇടം ലഭിക്കുന്നതിനെക്കുറിച്ച് പേടിക്കേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നതായും സാഹ വെളിപ്പെടുത്തിയിരുന്നു.