മുംബൈ: മലയാളി താരം സഞ്‌ജു സാംസണിന്‍റെ ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബിസിസിഐ സെലക്‌ടര്‍. സഞ്ജുവിന്‍റെ കരിയര്‍ അപകടത്തിലാണെന്നാണ് സെലക്‌ടര്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് സെലക്‌ടറുടെ വാക്കുകള്‍.
ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയതും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശുഭ്‌മാൻ ഗില്ലിന്‍റെ മിന്നും ഫോമുമാണ് ഇതിന് കാരണം. സഞ്‌ജുവിനെക്കൂടാതെ കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ വൈറ്റ് ബോള്‍ കരിയറും ഭീഷണിയിലാണെന്നും സെലക്‌ടര്‍ പറയുന്നുണ്ട്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ കെഎൽ രാഹുൽ, ഇഷാൻ കിഷൻ, റിഷഭ് പന്ത് എന്നിവരെ സെലക്‌ടര്‍മാര്‍ തെരഞ്ഞെടുത്തതിനാല്‍ ഈ പട്ടികയില്‍ സഞ്ജുവിന്‍റെ സ്ഥാനം താഴെയാണ്. സഞ്‌ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ സോഷ്യല്‍ മീഡിയ തങ്ങളെ നിര്‍ത്തിപ്പൊരിക്കാറുണ്ടെന്നും സെലക്‌ടര്‍ പറഞ്ഞു. മറ്റ് ചില താരങ്ങളെപ്പോലെ സഞ്‌ജു ഒരിക്കലും തന്നെ വീട്ടിലെത്തി കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സഞ്‌ജുവിന് വീണ്ടും പിന്തുണയേറുന്നുണ്ട്. സഞ്‌ജുവിനെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയത്. 2015ൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ സഞ്‌ജുവിന് ഇതേവരെ ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാവാന്‍ കഴിഞ്ഞിട്ടില്ല. ടീമിന് അകത്തും പുറത്തുമാണ് ഇപ്പോഴും സഞ്‌ജുവിന്‍റെ സ്ഥാനം.
അതേസമയം ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും സെലക്‌ടര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഗാംഗുലി രോഹിത്തിനെ അനുകൂലിച്ചിരുന്നില്ലെങ്കിലും വിരാടിനെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
വാര്‍ത്ത ഏജന്‍സിയായ പിടിഐ സെലക്‌ടറുടെ പ്രതികരണമെടുക്കാന്‍ ശ്രമിച്ചുവെങ്കിലും ലഭ്യമായിട്ടില്ല. സംഭവത്തില്‍ ബിസിസിഐ നടപടിയുണ്ടാവുമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുമായി കരാറുള്ളതിനാല്‍ ദേശീയ സെലക്‌ടർമാർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ALSO READ:കോലിയും രോഹിതും ധർമേന്ദ്രയേയും അമിതാഭ് ബച്ചനേയും പോലെ: ഫിറ്റ്‌നസിന് മരുന്നടി, ഞെട്ടിച്ച് വെളിപ്പെടുത്തല്‍