മുംബൈ:ഏകദിന ലോകകപ്പിന്‍റെ വേദിയായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണിക്കാതിരുന്ന ബിസിസിഐ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലോകകപ്പിനായി തെരഞ്ഞെടുക്കാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച അദ്ദേഹം അഹമ്മദാബാദ് രാജ്യത്ത് ക്രിക്കറ്റിന്‍റെ പുതിയ തലസ്ഥാനമാകുകയാണോ എന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തിന് പുറമെ മൊഹാലിക്കും റാഞ്ചിക്കും ലോകകപ്പ് മത്സരം നടത്താൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ പറഞ്ഞിരുന്നു.
ഏതെങ്കിലും ഒരു വേദിക്ക് 4-5 മത്സരങ്ങൾ ലഭിക്കണമെന്നില്ല. പക്ഷെ, ഇതു ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള വലിയ തെറ്റാണെന്നുമായിരുന്നു തിരുവനന്തപുരം എംപിയുടെ വിമര്‍ശനം. ഇപ്പോഴിതാ തരൂരിന്‍റെ ഈ വാക്കുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍.
ലോകകപ്പിനായി ആകെ 10 വേദികള്‍ക്കാണ് ഐസിസിയുടെ അനുമതിയുള്ളത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിങ്ങനെ ദക്ഷിണേന്ത്യയിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ടൂര്‍ണമെന്‍റ് ദക്ഷിണേന്ത്യയിൽ മാത്രം കേന്ദ്രീകരിക്കാൻ കഴിയില്ലെന്നുമാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്. കേരളത്തിൽ മത്സരങ്ങൾ നടത്താൻ തരൂരിന് താത്‌പര്യമുണ്ടെങ്കിൽ നിലവിൽ ഐഎൽ ആൻഡ് എഫ്എസിന്‍റെ നിയന്ത്രണത്തിലുള്ള കാര്യവട്ടം സ്റ്റേഡിയം സംസ്ഥാന അസോസിയേഷന്‍റെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"തരൂരിന് കേരളത്തിൽ ഒരു മത്സരം നടത്താൻ താത്‌പര്യമുണ്ടെങ്കിൽ, ആദ്യം സ്റ്റേഡിയം സംസ്ഥാന അസോസിയേഷന്‍റെ നിയന്ത്രണത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിയുമോ?, എന്തുകൊണ്ടാണ് ഇത് ഐഎൽഎഫ്‌എസിന്‍റെ നിയന്ത്രണത്തിലുള്ളത്. അധിക അനുമതികള്‍ ലഭിക്കുന്നതിനുള്ള തലവേദനകള്‍ എന്തിന് ബിസിസിഐ അനുഭവിക്കണം?"- ബിസിസിഐ ഉദ്യോഗസ്ഥന്‍ ചോദിച്ചു.