ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ഇന്ത്യന്‍ ടീം. കലാശപ്പോരിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സംഘം കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയിരുന്നു. കിറ്റ് സ്‌പോണ്‍സര്‍മാരായി അഡിഡാസ് ചുമതലയെറ്റെടുത്തതിന് പിന്നാലെ പുത്തന്‍ ഗെറ്റപ്പിലാണ് ടീം ലണ്ടനില്‍ പറന്നിറങ്ങിയത്.
ലണ്ടനിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പുതിയ പരിശീലന കിറ്റ് ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ സംഘത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ താക്കൂര്‍, സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഉള്ളത്.
ഐപിഎല്‍ ഫൈനലിന് ശേഷമാകും മറ്റ് താരങ്ങള്‍ ടീമിനൊപ്പം ചേരുക. മെയ് 30ന് ടീമിലെ മുഴുവന്‍ അംഗങ്ങളും ഒത്തുചേരുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ജൂണ്‍ ഏഴിന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം ആരംഭിക്കുന്നത്.
ഇന്ത്യന്‍ ടീമിന്‍റെ രണ്ടാമത്തെ ഫൈനലാണ് ഇത്. കഴിഞ്ഞ പ്രാവശ്യം കലാശപ്പോരിനെത്തിയ ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു. കഴിഞ്ഞ തവണ നഷ്‌ടപ്പെട്ട കിരീടം ഇക്കുറി പിടിച്ചെടുക്കാനാണ് രോഹിതിന്‍റെയും സംഘത്തിന്‍റെയും വരവ്.
ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടാനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷയാണ്. കൗണ്ടി ക്രിക്കറ്റില്‍ വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര റണ്‍സ് അടിക്കുന്നതും ടീമിന് ആശ്വാസമാണ്.