കൊല്‍ക്കത്ത: പരിക്കേറ്റ പേസര്‍ ജസ്‌പ്രീത് ബുംറ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കാനുള്ള സാധ്യത തള്ളാതെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ബുംറ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഇതേവരെ പുറത്തായിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു ഡിജിറ്റല്‍ ചാനലിനോടാണ് ഗാംഗുലിയുടെ പ്രതികരണം.
വരുന്ന രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തിലെ തീരുമാനമറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. പുറം വേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ ബുംറ കളിച്ചിരുന്നില്ല. തുടര്‍ന്ന് പരമ്പരയില്‍ നിന്നും പുറത്തായ താരത്തിന് പകരക്കാരനായി മുഹമ്മദ് സിറാജിനെ ബിസിസിഐ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) ബുംറ സ്‌കാനിങ്ങിന് വിധേയനായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇതിന്‍റെ ഫലം പരിശോധിച്ചുവരികയാണ്. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ബുംറ.
ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ഉള്‍പ്പെട്ടില്ലെങ്കിലും അവസാനത്തേക്ക് ബുംറയെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. പരിക്കിനെ തുടര്‍ന്ന് അടുത്തിടെ സമാപിച്ച ഏഷ്യ കപ്പ് ടൂര്‍ണമെന്‍റും ബുംറയ്‌ക്ക് നഷ്‌ടമായിരുന്നു. ഓസ്‌ട്രേലിയയില്‍ ഒക്‌ടോബര്‍ 16നാണ് ടി20 ലോകകപ്പ് തുടങ്ങുന്നത്. 23ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
also read: 'ഒരു ബിയര്‍ കുടിച്ചാല്‍ തീരുന്ന തെറ്റിദ്ധാരണകള്‍ '; ഓസീസിന്‍റെ നായക സ്ഥാനം അംഗീകാരമെന്ന് ഡേവിഡ് വാര്‍ണര്‍