ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (World Test Championship) ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ ഇന്ത്യയ്‌ക്ക് മത്സരം നഷ്‌ടമായിരുന്നെന്ന് ബിസിസിഐ (BCCI) പ്രസിഡന്‍റ് റോജര്‍ ബിന്നി (Roger Binny). ഓവലില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യന്‍ ടീം 209 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് റോജര്‍ ബിന്നിയുടെ പ്രതികരണം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കങ്കാരുപ്പട ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രോഹിതും സംഘവും മത്സരത്തിന്‍റെ അവസാന ദിനത്തില്‍ 234 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma) ആദ്യം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍റെ പ്രതീക്ഷയ്‌ക്കൊത്ത് ആദ്യം ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ആ മികവ് അവര്‍ക്ക് തുടരാനായില്ല. ഓസ്‌ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ തന്നെ നേടിയിരുന്നു.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച സ്റ്റീവ് സ്‌മിത്ത് (Steve Smith), ട്രാവിസ് ഹെഡ് (Travis Head) എന്നിവരുടെ കൂട്ടുകെട്ടാണ് അവരെ ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഇവരുടെ കൂട്ടുകെട്ടാണ് മത്സരത്തിന്‍റെ വിധിയെ നിര്‍ണായകമായി സ്വാധീനിച്ചതെന്ന് റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.
'ആദ്യ ദിനത്തില്‍ തന്നെ ഞങ്ങള്‍ കളി തോറ്റു. സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുണ്ടാക്കിയ ആ വലിയ കൂട്ടുകെട്ടാണ് ഈ മത്സരത്തില്‍ വഴിത്തിരിവായി മാറിയത്. അതില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ സമനിലയിലെങ്കിലും ഈ പോരാട്ടം അവസാനിക്കുമായിരുന്നു. ആ ഒരു കൂട്ടുകെട്ട് മാറ്റി നിര്‍ത്തിയാല്‍ മത്സരം പൂര്‍ണമായും സമാസമം ആയിരുന്നു' -റോജര്‍ ബിന്നി അഭിപ്രായപ്പെട്ടു.