മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് സജീവമായി നടക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മികച്ച പ്രകടനം നടത്തുന്ന മുംബൈ ബാറ്റര്‍ സർഫറാസ് ഖാനെ ഇന്ത്യൻ ടീമില്‍ ഉൾപ്പെടുത്താത്തതിനെയാണ് ആരാധകരും വിദഗ്ധരും ചോദ്യം ചെയ്യുന്നത്. തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ ടെസ്റ്റില്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണിയെന്ന സൂചനയുമാണ് ഇത്തവണത്തെ ടീം തെരഞ്ഞെടുപ്പുണ്ടായത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിനെയും റിതുരാജ് ഗെയ്‌ക്‌വാദിനെയും ടീമിൽ ഉൾപ്പെടുത്തിയ സെലക്‌ടര്‍മാര്‍ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ ഒഴിവാക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ മൂന്ന് രഞ്ജി ട്രോഫി സീസണുകളിലായി 2566 റൺസ് നേടി സര്‍ഫറാസ് ഖാന്‍ തഴയപ്പെട്ടു. ടെസ്റ്റ് ടീമിലേക്ക് സര്‍ഫറാസിനെ പരിഗണക്കാതിരുന്ന സെലക്‌ടര്‍മാരുടെ നടപടി ചോദ്യം ചെയ്‌ത് ഇന്ത്യയുടെ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ആകാശ് ചോപ്ര, വസീം ജാഫര്‍ തുടങ്ങിയ താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.
ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ ഇനിയും എന്താണ് സര്‍ഫറാസ് ഖാന്‍ ചെയ്യേണ്ടതെന്നാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ചോദിച്ചത്. ഇപ്പോഴിതാ 25-കാരനായ സര്‍ഫറാസിനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍. ക്രിക്കറ്റുമായി ബന്ധമില്ലാത്തതടക്കം കുറച്ച് കാരണങ്ങള്‍ ഉള്ളതിനാലാണ് സര്‍ഫറാസിനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത് എന്നാണ് ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരിക്കുന്നത്.
മോശം ഫിറ്റ്‌നസ് മുതല്‍ സെലക്‌ടര്‍മാരോടുള്ള പെരുമാറ്റം വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. "രോഷാകുലമായ പ്രതികരണങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ, പക്ഷേ സർഫറാസ് വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നതിന് പിന്നിലെ കാരണം ക്രിക്കറ്റ് മാത്രമല്ലെന്ന് എനിക്ക് കുറച്ച് ഉറപ്പോടെ പറയാൻ കഴിയും. അദ്ദേഹത്തെ പരിഗണിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്.