ന്യൂഡൽഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായി രോഹിത് ശർമ്മയെ തെരഞ്ഞെടുത്തു. ഓൾ ഇന്ത്യ സീനിയർ സെലക്‌ഷൻ കമ്മിറ്റിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി പുതിയ ക്യാപ്‌റ്റനെ നിയമിച്ചത്. ടി20 നായകസ്ഥാനം നൽകിയതിന് പിന്നാലെ ഏകദിനത്തിലും കോലിക്ക് പകരം രോഹിതിനെ നായകനാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ടെസ്റ്റിലും അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിതിനെ വൈസ് ക്യാപ്‌റ്റനായി നിയമിച്ചു.
അതേസമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരക്കായി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുത്. വിരാട് കോലി നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയാണ് വൈസ് ക്യാപ്‌റ്റൻ. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റിയെക്കിയെങ്കിലും അജിങ്ക്യ രഹാനെ ടീമിൽ ഇടം നേടി. മോശം ഫോമിൽ കളിക്കുന്ന ചേതേശ്വർ പുജാരെയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
പരിക്ക് മൂലം ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്‌ടമായ കെ എൽ രാഹുൽ ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കേറ്റ രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശുഭ്‌മാൻ ഗിൽ എന്നിവർ ടീമിന് പുറത്തായി. അതേസമയം കിവീസിനെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവിനെ ഒഴിവാക്കി. ഈ മാസം 26ന് സെഞ്ചൂറിയിനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ജനുവരി മൂന്ന് മുതല്‍ വാണ്ടറേഴ്‌സിൽ രണ്ടാം ടെസ്റ്റും 11 മുതല്‍ കേപ്‌ടൗണില്‍ മൂന്നാം ടെസ്റ്റും നടക്കും.