അഹമ്മദാബാദ്:പ്രഥമ അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ആദരവുമായി ബിസിസിഐ. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ചരിത്ര നേട്ടം സ്വന്തമാക്കിയ ഷഫാലി വര്‍മയ്‌ക്കും സംഘത്തിനും ബിസിസിഐ സ്വീകരണമൊരുക്കിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കൗമാരപ്പട കിരീടം ഉയര്‍ത്തിയത്.
അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകകപ്പ് വിജയികള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ച 5 കോടി രൂപ പാരിതോഷികവും കൈമാറി. ചടങ്ങില്‍ പങ്കെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ യുവനിരയെ അഭിനന്ദിച്ചിരുന്നു. സച്ചിനൊപ്പം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉള്‍പ്പടെയുളള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അണ്ടര്‍ 19 വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. കലാശപ്പോരാട്ടത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന് 17.1 ഓവറില്‍ 68 റണ്‍സ് മാത്രമെടുക്കാനായിരുന്നു സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ കൗമാരപ്പട 14 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.