മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. കഴിഞ്ഞ ഏകദിന ലോകകപ്പോടെ അവസാനിച്ച കരാര്‍ ദീര്‍ഘിപ്പിച്ചതായി ബിസിസിഐ അറിയിച്ചു (BCCI extends contracts of Rahul Dravid as Head Coach of India Cricket Team). ദ്രാവിഡിനൊപ്പം സപ്പോര്‍ട്ടിങ് സ്റ്റാഫായിരുന്ന വിക്രം റാത്തോഡ് (ബാറ്റിങ് കോച്ച്), പരസ് മാംബ്രെ (ബൗളിങ് കോച്ച്), ടി ദിലീപ് (ഫീൽഡിങ് കോച്ച്) എന്നിവരുടേയും കരാര്‍ ബിസിസിഐ നീട്ടി നല്‍കിയിട്ടുണ്ട്.
എത്ര വര്‍ഷത്തേക്കാണ് പുതിയ നിയമനം എന്ന കാര്യം വ്യക്തല്ല. ടീമിന്‍റെ പരിശീലകനായി അന്‍പതുകാരനായ ദ്രാവിഡ് തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ദ്രാവിഡ് ടീമില്‍ തീര്‍ത്ത മികച്ച അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ടീം ഘടനയുടെ തുടർച്ചയുമാണ് കരാര്‍ ദീര്‍ഘിപ്പിക്കുന്നതിലൂടെ ബിസിസിഐ ലക്ഷ്യം വയ്‌ക്കുന്നത്.
2021-ലെ ലോകകപ്പിന് പിന്നാലെ രവി ശാസ്‌ത്രിയുടെ കാലാവധി അവസാനിച്ചതോടെ ആയിരുന്നു രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാവുന്നത്. കരാര്‍ പ്രകാരമുണ്ടായിരുന്ന രണ്ട് വര്‍ഷ കാലാവധിയായിരുന്നു കഴിഞ്ഞ ലോകകപ്പോടെ അവസാനിച്ചത്. ഇതോടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയർമാനായ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീമിന്‍റെ മുഴുവൻ സമയ പരിശീലകനാകും എന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ദ്രാവിഡിന് ഒപ്പം നില്‍ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. ഇപ്പോൾ നടക്കുന്ന ഓസീസിന് എതിരെ നടക്കുന്ന ടി20 പരമ്പരയില്‍ ലക്ഷ്‌മൺ ആണ് ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ.
നേടണം ടി20 ലോകകപ്പ്: ഏഷ്യ കപ്പ് നേടിയതാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ പ്രധാന നേട്ടം. ഏകദിന ലോകകപ്പിന്‍റെയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെയും ഫൈനലിലെത്തിയെങ്കിലും ടീം പരാജയപ്പെട്ടു. 2022-ലെ ടി20 ലോകകപ്പിന്‍റെ സെമിയിലും ടീമിന് കാലിടറിയിരുന്നു. രണ്ടാം വരവില്‍ ഡിസംബർ രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനമായിരിക്കും ദ്രാവിഡിന്‍റെ ആദ്യ അസൈൻമെന്‍റ്. മൂന്ന് വീതം ഏകദിനങ്ങളും ടി20കളും രണ്ട് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.