മുംബൈ:അടുത്ത അഞ്ച് വര്‍ഷ കാലയളവിലെ ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ക്കായുള്ള ടിവി, ഡിജിറ്റൽ സംപ്രേഷണാവകാശം വില്‍പ്പന നടത്തുന്നതിലൂടെ ബിസിസിഐ ഒരു ബില്യൺ ഡോളറില്‍ (ഏകദേശം 8200 കോടി രൂപ) ഏറെ വരുമാനം പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. 2028 മാർച്ച് വരെയുള്ള അഞ്ച് വർഷ കാലയളവിൽ ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് ബിസിസിഐ ലേലത്തിന് വയ്‌ക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ 21 മത്സരങ്ങള്‍ (അഞ്ച് ടെസ്റ്റ്, ആറ് ഏകദിനങ്ങള്‍, 10 ടി20 മത്സരങ്ങള്‍), ഇംഗ്ലണ്ടിനെതിരായ 18 മത്സരങ്ങള്‍ (10 ടെസ്റ്റുകള്‍, മൂന്ന് ഏകദിനങ്ങള്‍, അഞ്ച് ടി20 മത്സരങ്ങള്‍) എന്നിവ ഉള്‍പ്പെടെയുള്ളവയുടെ സംപ്രേഷണാവകാശമാണ് ലേലത്തിന് വയ്‌ക്കുന്നത്.
സൈക്കിളില്‍ ആകെ 25 ടെസ്റ്റ് മത്സരങ്ങളും 27 ഏകദിനങ്ങളും 36 ടി20 മത്സരങ്ങളുമാണുള്ളത്. 2018 മുതല്‍ 2023 വരെയുള്ള കഴിഞ്ഞ അഞ്ച് വർഷക്കാലയളവില്‍ സ്റ്റാർ ഇന്ത്യയിൽ നിന്ന് ബിസിസിഐ 944 മില്യൺ ഡോളർ (2018-ലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 6138 കോടി രൂപ) നേടിയിട്ടുണ്ട്. ടിവി, ഡിജിറ്റൽ സംപ്രേഷണം ഉള്‍പ്പെടെ ഒരു മത്സരത്തിന് 60 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ ബിസിസിഐ നേടിയത്. എന്നാല്‍ ഇത്തവണ ഡിജിറ്റല്‍, ടിവി സംപ്രേഷണാകാശം വില്‍പ്പന വെവ്വേറെ നടത്താണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ സംപ്രേഷണാവകാശം ഇത്തരത്തിലായിരുന്നു കഴിഞ്ഞ തവണ ബിസിസിഐ വില്‍പ്പന നടത്തിയത്. ഇതുവഴി ആകെ 48,390 കോടി രൂപയായിരുന്നു ബിസിസിഐയുടെ അക്കൗണ്ടില്‍ എത്തിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറും, ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം റിലയന്‍സിന്‍റെ വയാകോം 18ഉം ആയിരുന്നു സ്വന്തമാക്കിയത്.