ന്യൂഡൽഹി : ഏറ്റവും കൂടുതൽ കാണികളെ പങ്കെടുപ്പിച്ച് ടി20 മത്സരം നടത്തിയതിനുള്ള ഗിന്നസ് വേൾഡ് റെക്കോഡ് സ്വന്തമാക്കി ബിസിസിഐ. ഐപിഎൽ 2022 സീസണിലെ ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനൽ മത്സരമാണ് റെക്കോഡ് കുറിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 1,01,566 പേരാണ് എത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഗിന്നസ് അധികൃതരില്‍ നിന്ന് അംഗീകാരം ഏറ്റുവാങ്ങി.
'2022 മെയ് 29 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇതിഹാസ ഐപിഎൽ ഫൈനൽ മത്സരത്തിന് 101,566 പേരാണ് സാക്ഷ്യം വഹിച്ചത്. ടി20 മത്സരത്തിലെ ഏറ്റവും കൂടുതൽ കാണികൾ പങ്കെടുത്തു എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും തോന്നുന്നു. ഇത് സാധ്യമാക്കിയതിന് ആരാധകർക്ക് വലിയ നന്ദി'. അംഗീകാരം ഏറ്റുവാങ്ങുന്ന ചിത്രത്തോടൊപ്പം ജയ് ഷാ ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും വലിയ സ്റ്റേഡിയം : നേരത്തെ മൊട്ടേര എന്നറിയപ്പെട്ടിരുന്ന മൈതാനം നവീകരിച്ച ശേഷം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരിൽ 2021ൽ വീണ്ടും രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. ഇവിടെ 1,10,000 പേർക്ക് ഒരേ സമയം മത്സരം കാണാനുള്ള സൗകര്യമുണ്ട്. ഒരു ലക്ഷം പേർക്കിരിക്കാവുന്ന മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ലോകത്തെ രണ്ടാമത്തെ വലിയ സ്റ്റേഡിയം.
പാണ്ഡ്യ X സഞ്ജു : റെക്കോഡ് നേട്ടം സ്വന്തമാക്കിയ ഐപിഎൽ ഫൈനൽ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാൻ റോയൽസും, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. കലാശപ്പോരാട്ടത്തിൽ വിജയിച്ച് ഗുജറാത്ത് ടൈറ്റൻസ് തങ്ങളുടെ കന്നി സീസണിൽ തന്നെ കിരീടം സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍റെ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ബോളുകൊണ്ടും ബാറ്റുകൊണ്ടും ഒരു പോലെ തിളങ്ങിയ നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചത്.