തിരുവനന്തപുരം : ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ തയാറാക്കിയ വിക്കറ്റുകള്‍ ബിസിസിഐ ക്യൂറേറ്റര്‍ പരിശോധിച്ചു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീന്‍ഫീല്‍ഡിലെ വിക്കറ്റുകളില്‍ അദ്ദേഹം സംതൃപ്‌തി രേഖപ്പെടുത്തി.
കേരള ക്രിക്കറ്റ് അസോസിയേഷൻ ക്യൂറേറ്റര്‍ ബിജു എ എമ്മിന്‍റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിന് സജ്ജമാണ്. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്.
ദക്ഷിണാഫ്രിക്കന്‍ ടീം 25ന് തിരുവനന്തപുരത്തെത്തും. 25നും 26നും വൈകിട്ട് അഞ്ചുമുതല്‍ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെ കാണും. 27ന് ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലുവരെ ദക്ഷിണാഫ്രിക്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ടീം ഇന്ത്യയും പരിശീലനം നടത്തും.
മത്സരത്തിന് മുന്നോടിയായി 27ന് ഉച്ചയ്ക്ക് 12.30ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ച് രണ്ട് ടീമുകളുടെയും ക്യാപ്റ്റന്മാരും മാധ്യമങ്ങളെ കാണും. മത്സരത്തിന്‍റെ 68 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. വില്‍പന ആരംഭിച്ച തിങ്കളാഴ്ച മുതല്‍ ഇതിനോടകം 19720 ടിക്കറ്റുകളാണ് വിറ്റത്. 6000 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. www.paytminsider.in വഴിയാണ് ടിക്കറ്റ് വില്‍പന.