കേരളം

kerala

ETV Bharat / sports

ഒളികാമറ വിവാദം: ബിസിസിഐ ചീഫ് സെലക്‌ടര്‍ ചേതന്‍ ശര്‍മ രാജിവച്ചു

ഒളികാമറ വിവാദത്തില്‍ കുടുങ്ങിയ ചീഫ് സെലക്‌ടര്‍ ചേതന്‍ ശര്‍മ ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്ക് രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.

BCCI Chief Selector Chetan Sharma Resigns  Chetan Sharma Resigns  Chetan Sharma  ചേതന്‍ ശര്‍മ രാജിവച്ചു  ചേതന്‍ ശര്‍മ  ബിസിസിഐ  ജയ് ഷാ  Jai Shah
ഒളിക്യാമറ വിവാദം: ബിസിസിഐ ചീഫ് സെലക്‌ടര്‍ ചേതന്‍ ശര്‍മ രാജിവച്ചു

By

Published : Feb 17, 2023, 11:22 AM IST

Updated : Feb 17, 2023, 11:36 AM IST

മുംബൈ: ബിസിസിഐ ചീഫ് സെലക്‌ടര്‍ ചേതന്‍ ശര്‍മ രാജിവച്ചു. ചേതന്‍ ശര്‍മ നല്‍കിയ രാജിക്കത്ത് ബിസിസിഐ സെക്രട്ടറി ജയ് ഷാ അംഗീകരിച്ചതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിങ്‌ ഓപ്പറേഷനില്‍ കുടുങ്ങിയതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ രാജിയുണ്ടായത്.

ഫിറ്റ്‌നസ് തെളിയിക്കാന്‍ താരങ്ങള്‍ മരുന്നടി നടത്തുന്നു എന്നതുള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്‌ക്കുന്ന നിരവധി ആരോപണങ്ങളാണ് വീഡിയോയില്‍ അദ്ദേഹം പറഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായതിന് പിന്നാലെ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കമ്മറ്റിയിലെ അംഗങ്ങളെ മാറ്റിയെങ്കിലും ചീഫ്‌ സെക്‌ടര്‍ സ്ഥാനത്ത് ശര്‍മയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഒളികാമറ വിവാദത്തില്‍ ബിസിസിഐ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിരുന്നില്ലെങ്കിലും ചുമതലകളിൽ നിന്ന് മാറി നില്‍ക്കാന്‍ ചേതന്‍ ശര്‍മയോട് നിര്‍ദേശിച്ചിവുന്നുവെന്നാണ് ലഭിക്കുന്ന വിവരം. താരങ്ങളുടെ മരുന്നടിക്ക് പുറമെ ടീമിലെ അസ്വാരസ്യങ്ങളും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു. 80 മുതൽ 85 ശതമാനം വരെയാണ് ഫിറ്റ്‌നസെങ്കിലും മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കാൻ ധാരാളം കളിക്കാർ കുത്തിവയ്പ്പ് എടുക്കാറുണ്ടെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നത്.

വേദന സംഹാരികളല്ല കുത്തിവയ്‌ക്കുന്നതെന്നും ഈ മരുന്ന് ഉത്തേജക പരിശോധനയിൽ പിടിക്കപ്പെടാന്‍ പ്രയാസമാണെന്നും ചേതന്‍ ശര്‍മ പറഞ്ഞിരുന്നു. ബിസിസിഐ മുൻ അധ്യക്ഷൻ സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഇഗോ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഗാംഗുലി രോഹിതിനെ അനുകൂലിച്ചിരുന്നില്ല.

എന്നാല്‍ വിരാടിനെ ഒരിക്കലും ഇഷ്‌ടപ്പെട്ടിരുന്നുമില്ല. മത്സരങ്ങളേക്കാള്‍ വലുതാണ് താനെന്ന് വിരാട് കോലിക്ക് തോന്നലുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്കും രോഹിത് ശർമയ്‌ക്കും കീഴില്‍ രണ്ട് ക്യാമ്പുകളുണ്ട്. ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെങ്കിലും ഈഗോയുണ്ട്.

സിനിമ താരങ്ങളായ അമിതാഭ് ബച്ചനേയും ധർമ്മേന്ദ്രയേയും പോലെയാണ് ഇരുവരും. എന്നിങ്ങനെയായിരുന്നു ശര്‍മയുടെ തുറന്ന് പറച്ചിലുണ്ടായത്. മലയാളി താരം സഞ്‌ജു സാംസണിന്‍റെ ഇന്ത്യന്‍ ടീമിലെ ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഞ്ജുവിന്‍റെ കരിയര്‍ അപകടത്തിലാണെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്.

ബംഗ്ലാദേശിനെതിരായ ഏകദിനത്തിൽ ഇഷാൻ കിഷന്‍ ഇരട്ട സെഞ്ചുറി നേടിയതും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശുഭ്‌മാൻ ഗില്ലിന്‍റെ മിന്നും ഫോമുമാണ് ഇതിന് കാരണം. സഞ്‌ജുവിനെക്കൂടാതെ കെഎൽ രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ വൈറ്റ്‌ ബോള്‍ കരിയറും ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Last Updated : Feb 17, 2023, 11:36 AM IST

ABOUT THE AUTHOR

...view details