ന്യൂഡല്‍ഹി : വെറ്ററന്‍ ക്രിക്കറ്റര്‍ വൃദ്ധിമാൻ സാഹയുടെ ആരോപണത്തില്‍ അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോർട്ട് ബിസിസിഐ അപെക്‌സ് കൗൺസിൽ ഏപ്രിൽ 23ന് അവലോകനം ചെയ്യും. മാധ്യമപ്രവർത്തകൻ ബോറിയ മജുംദാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന ആരോപണമാണ് ബിസിസിഐയുടെ മൂന്നംഗ കമ്മിറ്റി അന്വേഷിച്ചത്. വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, ട്രഷറർ അരുൺ ധുമാല്‍, അപെക്‌സ് കൗൺസിൽ അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം സാഹയില്‍ നിന്നും കുറ്റാരോപിതനായ മജുംദാറില്‍ നിന്നും കമ്മിറ്റി മൊഴിയെടുത്തിരുന്നു. ടെസ്റ്റ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ അഭിമുഖത്തിനായി സമീപിച്ച മാധ്യമ പ്രവര്‍ത്തകൻ ഭീഷണിപ്പെടുത്തിയെന്നാണ് സാഹ ആരോപിച്ചത്.