മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജഴ്‌സി സ്പോണ്‍സറെ പ്രഖ്യാപിച്ച് ബിസിസിഐ. ഫാന്‍റസി ഗെയിമിങ് ആപ്ലിക്കേഷനായ ഡ്രീം ഇലവനെയാണ് (Dream11) ബിസിസഐ പുതിയ ഔദ്യോഗിക സ്‌പോണ്‍സറായി തെരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ കരാർ അവസാനിച്ച ബൈജൂസിന് പകരക്കാരായാണ് ബിസിസിഐ ഡ്രീം ഇലവനെ കണ്ടെത്തിയത്. പുതിയ സ്പോണ്‍സറെ കണ്ടെത്തുന്നതിനായി ജൂണ്‍ 14-ന് ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു.
ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ സ്‌പോണ്‍സറാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇന്നാണ് ബിസിസിഐ ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്. ഇതോടെ വെസ്റ്റ് ഈന്‍ഡീസ് പര്യടനം മുതല്‍ ഇന്ത്യയുടെ ജഴ്‌സിയിൽ ഡ്രീം ഇലവനുണ്ടാകും. ബിസിസിഐയുടെ ഔദ്യോഗിക സ്പോൺസർ എന്ന നിലയിൽ നിന്ന് മുഖ്യ സ്‌പോൺസറായതിന് ഡ്രീം ഇലവനെ അഭിനന്ദിക്കുന്നതായി ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി പറഞ്ഞു.
"അവരെ വീണ്ടും ബോർഡിലേക്ക് സ്വാഗതം ചെയ്യുന്നു. ബിസിസിഐ-ഡ്രീം ഇലവന്‍ പങ്കാളിത്തം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് നൽകുന്ന വിശ്വാസം, മൂല്യം, സാധ്യതകൾ, വളർച്ച എന്നിവയുടെ നേർ സാക്ഷ്യമാണിത്.
ഈ വർഷാവസാനം ഐസിസി ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുമ്പോള്‍ ആരാധകരുടെ അനുഭവം വർധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണനകളിൽ ഒന്ന്. അതിന് ഡ്രീം ഇലവനുമായുള്ള ഈ പങ്കാളിത്തം ഞങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്"- ബിസിസിയുടെ പ്രസ്‌താവനയിലാണ് റോജര്‍ ബിന്നിയുെട വാക്കുകള്‍.
ദേശീയ ടീമിന്‍റെ പ്രധാന സ്‌പോൺസറാകാൻ കഴിഞ്ഞത് അഭിമാനമാണെന്ന് ഡ്രീം ഇലവന്‍ സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിൻ പറഞ്ഞു. "ബിസിസിഐയുടെയും ടീം ഇന്ത്യയുടെയും ദീർഘകാല പങ്കാളി എന്ന നിലയിൽ, ഞങ്ങളുടെ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിൽ ഡ്രീം ഇലവന്‍ ആവേശഭരിതരാണ്. ഇന്ത്യൻ സ്‌പോർട്‌സിനെ തുടർന്നും പിന്തുണയ്‌ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു"- ഹർഷ് ജെയിൻ വ്യക്തമാക്കി.
ഓപ്പോയ്‌ക്ക് പകരമായി 2019-ലാണ് ബൈജൂസ് ലേണിങ് ആപ്പ് ഇന്ത്യയുടെ സ്‌പോണ്‍സറായെത്തുന്നത്. 2022 വരെയുള്ള മൂന്ന് വര്‍ഷത്തേക്കായിരുന്നു ആദ്യ കരാറുണ്ടായിരുന്നത്. തുടര്‍ന്ന് 2023 വരെ ഇതു ദീര്‍ഘിപ്പിച്ചു.
ബൈജൂസുമായുള്ള കരാര്‍ അവസാനിച്ചതോടെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജഴ്‌സി സ്പോണ്‍സര്‍മാര്‍ ഇല്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്. അതേസമയം ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം നടക്കുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്.
ടെസ്റ്റ് പരമ്പരയോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാവുക. ജൂലൈ 12- ന് റോസോവിലെ വിൻഡ്‌സർ പാർക്കിലാണ് ഒന്നാം തുടങ്ങുക. തുടര്‍ന്ന് 20 മുതല്‍ ക്യൂന്‍സ് പാര്‍ക്കില്‍ രണ്ടാം ടെസ്റ്റും നടക്കും. തുടര്‍ന്നാണ് യഥാക്രമം ഏകദിന, ടി20 മത്സരങ്ങള്‍ അരങ്ങേറുക. ടെസ്റ്റ്, ഏകദിന സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ALSO READ: ആഷസൊക്കെ ചെറുതെന്ന് ക്രിസ് ഗെയില്‍; കാത്തിരിക്കുന്നത് ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനായി...