കേരളം

kerala

ETV Bharat / sports

ബയേണിന് തന്ത്രങ്ങള്‍ മെനയാൻ തോമസ് ട്യൂഷല്‍; നാഗെല്‍സ്‌മാന്‍ പുറത്ത് - ബയേണ്‍ മ്യൂണിക്ക്

തോമസ് ട്യൂഷലുമായി രണ്ട് വര്‍ഷത്തെ കരാറിലെത്തിയതായി ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക്.

Julian Nagelsmann  Bayern Munich sacks Julian Nagelsman  Bayern Munich  Thomas Tuchel Bayern Munich Coach  Thomas Tuchel  borussia dortmund  തോമസ് ട്യൂഷല്‍  തോമസ് ട്യൂഷല്‍ ബയേണ്‍ മ്യൂണിക്ക് കോച്ച്  ബയേണ്‍ മ്യൂണിക്ക്  ജൂലിയൻ നാഗെൽസ്‌മാന്‍
ബയേണിനായി ഇനി തോമസ് ട്യൂഷല്‍ തന്ത്രങ്ങള്‍ മെനയും

By

Published : Mar 25, 2023, 1:29 PM IST

മ്യൂണിക്ക്: തോമസ് ട്യൂഷലിനെ പരിശീലകനായി നിയമിച്ച് ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. പുറത്താക്കപ്പെട്ട ജൂലിയന്‍ നാഗെല്‍സ്‌മാന് പകരക്കാരനായാണ് തോമസ് ട്യൂഷല്‍ എത്തുന്നത്. 2025 ജൂണ്‍ വരെ നീളുന്ന രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചെല്‍സിയുമായി വേര്‍പിരിഞ്ഞതിന് ശേഷം തോമസ് ട്യൂഷല്‍ മറ്റൊരു ക്ലബിന്‍റേയും ഭാഗമായിരുന്നില്ല. ചെല്‍സിക്കൊപ്പം 2021ൽ ചാമ്പ്യൻസ് ലീഗ് നേടിയ 49കാരനായ ട്യൂഷ്യല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് ക്ലബുമായി വേര്‍പിരിഞ്ഞത്. പ്രീമിയര്‍ ലീഗ് സീസണില്‍ ചെല്‍സിയുടെ മോശം പ്രകടനമായിരുന്നു തോമസ് ട്യൂഷലിന്‍റെ പുറത്താവലിന് വഴിവച്ചത്.

ജൂലിയൻ നാഗെൽസ്‌മാന്‍

ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയേയും പരിശീലിപ്പിച്ചിട്ടുള്ള ട്യൂഷല്‍ ബുണ്ടസ് ലീഗയില്‍ ബയേണിന്‍റെ ചിരവൈരികളായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിന്‍റേയും ചുമതല വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 2017 വരെയാണ് ട്യൂഷല്‍ ഡോര്‍ട്ട്‌മുണ്ടിനായി തന്ത്രങ്ങള്‍ ഒരുക്കിയത്. ചെല്‍സിയില്‍ നിന്നുള്ള പുറത്താവല്‍ തന്നെ ഏറെ തളര്‍ത്തിയതായി ട്യൂഷല്‍ നേരത്തെ പ്രതികരിച്ചിരുന്നു.

2021 ജനുവരിയില്‍ ചെല്‍സിയുടെ പരിശീലകനായെത്തിയ ട്യൂഷല്‍ തന്‍റെ ആദ്യ സീസണില്‍ തന്നെ ക്ലബിനെ നേട്ടങ്ങളിലേക്ക് നയിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടത്തിന് പുറമെ, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോക കപ്പ് എന്നിവയും ട്യൂഷലിന് കീഴില്‍ ചെല്‍സി സ്വന്തമാക്കിയിട്ടുണ്ട്. തോമസ് ട്യൂഷലിനായി ബയേണ്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നുവെങ്കിലും യൂറോപ്പിലെ മറ്റ് മുന്‍നിര ക്ലബുകളോടുള്ള മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

രസകരമായ മറ്റൊരു കാര്യമെന്തെന്ന് വച്ചാല്‍ തന്‍റെ പഴയ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിനെയാണ് ബയേണ്‍ പരിശീലകനായുള്ള അരങ്ങേറ്റത്തില്‍ ട്യൂഷ്യലിന് നേരിടാനുള്ളത്. നാഗൽസ്‌മാന്‍റെ പിൻഗാമിയായി ട്യൂഷലെത്തുന്ന കാര്യം ക്ലബ് സ്ഥിരികരിച്ചിട്ടുണ്ട്. 'എഫ്‌സി ബയേണും മുഖ്യപരിശീലകനായ ജൂലിയൻ നാഗെൽസ്‌മാനുമായി വേർപിരിഞ്ഞു... നാഗൽസ്‌മാന്‍റെ പിൻഗാമിയായി തോമസ് ട്യൂഷലെത്തും' ക്ലബ് പ്രസ്‌താവനയില്‍ അറിയിച്ചു.

നാഗെൽസ്‌മാനും സംഘത്തിനും നന്ദി അറിയിക്കുന്നതായി ബയേൺ ചെയർമാൻ ഒലിവർ കാൻ പറഞ്ഞു: "വ്യക്തിപരമായും എഫ്‌സി ബയേണിന് വേണ്ടിയും, ജൂലിയനും അദ്ദേഹത്തിന്റെ കോച്ചിങ്‌ ടീമിനും നന്ദി അറിയിക്കുന്നു, ഒപ്പം എല്ലാവർക്കും ആശംസകൾ നേരുന്നു." ഒലിവർ കാൻ പറഞ്ഞു.

അഞ്ചുവര്‍ഷത്തെ കരാറുണ്ടെങ്കിലും രണ്ട് വര്‍ഷത്തിനുശേഷമാണ് നാഗെല്‍സ്‌മാനെ ബയേണ്‍ പുറത്താക്കിയത്. ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബയേണ്‍ മ്യൂണിക്കിനെ നയിക്കാന്‍ 35 കാരനായ നാഗൽസ്‌മാന് കഴിഞ്ഞിരുന്നു. എന്നാല്‍ ബുണ്ടസ് ലീഗയിലെ ക്ലബിന്‍റെ മോശം പ്രകടനമാണ് കോച്ചിന് പുറത്തേക്കുള്ള വഴി തുറന്നത്.

ബുണ്ടസ് ലിഗയില്‍ 25 മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് രണ്ടാം സ്ഥാനത്താണ്. 15 വിജയങ്ങളും ഏഴ്‌ സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 52 പോയിന്‍റാണ് സംഘത്തിനുള്ളത്. കഴിഞ്ഞ 11 സീസണുകളിലേക്ക് നോക്കുമ്പോള്‍ ക്ലബിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. 53 പോയിന്‍റുമായി ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 17 വിജയങ്ങള്‍ നേടിയ സംഘത്തിന് രണ്ട് സമനിലയും ആറ് തോല്‍വിയുമാണുള്ളത്.

ALSO READ:ക്യാപ്റ്റന്‍സിയില്‍ ഗ്രീസ്‌മാന് നിരാശയുണ്ടായിരുന്നു, ഞാന്‍ അവനോട് സംസാരിച്ചു; കിലിയന്‍ എംബാപ്പെ പറയുന്നു...

ABOUT THE AUTHOR

...view details