ദുബായ്: ബംഗ്ലാദേശ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കനത്ത ശിക്ഷ വിധിച്ച് ഐസിസി. രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 75 ശതമാനം പിഴയുമാണ് ഹര്‍മന്‍പ്രീത് കൗറിന് ഐസിസി വിധിച്ചിരിക്കുന്നത്. ഇതോടൊപ്പം മൂന്ന് ഡീ മെറിറ്റ് പോയിന്‍റും താരത്തിന് നല്‍കിയിട്ടുണ്ട്.
ഹര്‍മന്‍പ്രീത് കൗര്‍ കുറ്റം സമ്മതിച്ചതിനാല്‍ ഔപചാരിക വാദം കേള്‍ക്കലുണ്ടാവില്ല. പെരുമാറ്റച്ചട്ടത്തിന്‍റെ രണ്ട് വ്യത്യസ്ത ലംഘനങ്ങളാണ് ഹര്‍മന്‍പ്രീത് കൗര്‍ നടത്തിയിരിക്കുന്നതെന്ന് ഐസിസി പ്രസ്‌താനവയില്‍ വ്യക്തമാക്കി. മത്സരത്തില്‍ പുറത്തായതിന് ശേഷം അമ്പയറുടെ തീരുമാനം ചോദ്യം ചെയ്‌തതിനും സ്റ്റംപ് അടിച്ച് തകര്‍ത്തതിനും മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുമാണ് താരത്തിന് ലഭിച്ചത്. ലെവല്‍ 2-ലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരമുള്ള കുറ്റമാണിത്.
അമ്പയര്‍മാര്‍ക്കെതിരായ പൊതുവിമശനത്തിന് ലഭിച്ച 25 ശതമാനം ഉള്‍പ്പെടെയാണ് പിഴത്തുക ആകെ മാച്ച് ഫീയൂടെ 75 ശതമാനത്തിലേക്ക് എത്തിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ള പൊതുവിമർശനം ലെവര്‍ 1 പ്രകാരമുള്ള കുറ്റമാണ്.
രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്‌ടമാവും. ധാക്കയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 34-ാം ഓവറില്‍ നഹിദ അക്തറിന്‍റെ പന്തില്‍ ഫഹിമ ഖാത്തൂന്‍ ക്യാച്ചെടുത്തായിരുന്നു ഹര്‍മന്‍പ്രീത് പുറത്തായത്. പന്ത് പാഡില്‍ തട്ടിയാണോ ഉയര്‍ന്നതെന്ന സംശയമുണ്ടായിരുന്നുവെങ്കിലും മറ്റൊന്നും ആലോചിക്കാതെ തന്നെ അമ്പയര്‍ ഔട്ട് വിധിച്ചു. ഈ തീരുമാനത്തില്‍ പ്രകോപിതയായാണ് ഹര്‍മന്‍ സ്‌റ്റംപ് അടിച്ച് തെറിപ്പിച്ചത്. ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ അമ്പയര്‍മാരുമായി തര്‍ക്കത്തിലും താരം ഏര്‍പ്പെട്ടിരുന്നു.
മത്സരത്തിന് ശേഷം അമ്പയര്‍മാര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഹര്‍മന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. അമ്പയറിങ് നിലവാരം തീര്‍ത്തും അതിശയിപ്പിച്ചു. ബംഗ്ലാദേശിലേക്ക് അടുത്ത തവണ വരുമ്പോള്‍ ഇതുകൂടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നുമായിരുന്നു താരം തുറന്നടിച്ചത്. പിന്നാലെ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുമ്പോളും ഹര്‍മന് ദേഷ്യം തീര്‍ന്നിരുന്നില്ല.
ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനായി അമ്പയര്‍മാരെ കൂടെ വിളിക്കൂവെന്ന് ഹര്‍മന്‍പ്രീത് വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരും ബംഗ്ലാദേശ് ടീമിന്‍റെ ഭാഗമാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍. 'നിങ്ങള്‍ മാത്രം എന്താണിവിടെ നില്‍ക്കുന്നത് ?. നിങ്ങൾ മത്സരം സമനിലയിലാക്കിയിട്ടില്ല. അമ്പയർമാരാണ് അത് നിങ്ങൾക്കായി ചെയ്‌തു. അവരെ വിളിക്കൂ... ഞങ്ങൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കുന്നതാവും നല്ലത്' എന്നും ബംഗ്ലാദേശ് താരങ്ങളെ ഹര്‍മന്‍ അപഹസിക്കുകയും ചെയ്‌തു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും മറ്റ് ബംഗ്ലാദേശ് താരങ്ങളും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാതെ ഗ്രൗണ്ട് വിടുകയും ചെയ്‌തിരുന്നു.
ALSO READ:Harmanpreet kaur | ഹര്‍മന്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം പേരുണ്ടാക്കി, ബിസിസിഐ കടുത്ത നടപടി സ്വീകരിക്കണം ; തുറന്നടിച്ച് മദന്‍ ലാല്‍