മിര്‍പൂര്‍ : ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച സ്‌കോര്‍. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 228 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്.
78 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 52 റണ്‍സ് നേടി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. 13 പന്തുകളില്‍ 7 റണ്‍സ് നേടിയ പ്രിയ പൂനിയയെ മറൂഫ അക്തര്‍ ബൗള്‍ഡാക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ യാസ്‌തിക ഭാട്ടിയയും (23 പന്തില്‍ 15), പിന്നാലെ സ്‌മൃതി മന്ദാനയും (58 പന്തുകളില്‍ 36) വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. യാസ്‌തിക റണ്ണൗട്ടായപ്പോള്‍ റബേയ ഖാത്തൂണിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് സ്‌മൃതി തിരിച്ച് കയറിയത്. ഈ സമയം 21.1 ഓവറില്‍ മൂന്നിന് 68 എന്ന നിലയിലായിരുന്നു ഇന്ത്യ.
തുടര്‍ന്ന് ഒന്നിച്ച ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ചേര്‍ന്ന് ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. ഏറെ ശ്രദ്ധയോടെയായിരുന്നു ഹര്‍മന്‍ ബാറ്റ് വീശിയത്. എന്നാല്‍ ടീം സ്‌കോര്‍ 140 കടന്നതിന് തൊട്ട് പിന്നാലെ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി തിരിച്ചുകയറി. പിന്നീടെത്തിയ ഹര്‍ലിന്‍ ഡിയോളിനെ കൂട്ടുപിടിച്ച് 38-ാം ഓവറില്‍ ജമീമ റോഡ്രിഗസ് ഇന്ത്യ 150-ല്‍ എത്തിച്ചു.